കാബൂൾ: അഫ്ഗാനിസ്താനിൽ ഇനിയും താലിബാന് കീഴടങ്ങാതെ ചെറുത്തുനിൽപ് തുടരുന്ന പഞ്ചശീറിൽ പോരാട്ടം ശക്തം. കാബൂളിന് വടക്കുള്ള പ്രവിശ്യ കീഴടക്കിയതായി താലിബാൻ അവകാശവാദം പ്രതിരോധ സേന തള്ളി.
പഞ്ചശീർ പിടിച്ചടക്കിയെന്ന പേരിൽ കാബൂളിൽ താലിബാൻ ആഘോഷം കൊഴുപ്പിച്ചെങ്കിലും വിവരം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്ത് പഞ്ചശീർ മാത്രമാണ് ഇനിയും കീഴടങ്ങാതെ ചെറുത്തുനിൽക്കുന്നത്. നേരത്തെ താലിബാൻ രാജ്യം ഭരിച്ച 1996-2001 കാലയളവിലും പഞ്ചശീർ കീഴടങ്ങിയിരുന്നില്ല.
താലിബാൻ ഏറെ അടുത്തെത്തിയെന്നും എന്നാൽ, പിൻമാറിയിട്ടില്ലെന്നും മുൻ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ് പറഞ്ഞു. ''സ്ഥിതിഗതികൾ പ്രയാസകരമായ ഘട്ടത്തിലാണ്. താലിബാൻ അധിനിവേശത്തിനു മധ്യേയാണ് ഞങ്ങൾ''- അംറുല്ല സാലിഹ് അറിയിച്ചു. പ്രതിരോധ സേനയിലെ മറ്റു നേതാക്കളും കീഴടങ്ങിയെന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്.
ചെറിയ പ്രവേശന മാർഗമൊഴികെ എല്ലാ വശത്തും മലനിരകൾ അതിരിടുന്ന പഞ്ചശീർ നേരത്തെ റഷ്യൻ അധിനിവേശത്തെ വരെ ചെറുത്തുനിന്ന പ്രദേശമാണ്. ഇവിടെയാണ് ദിവസങ്ങളായി കനത്ത പോരാട്ടം തുടരുന്നത്. നാലു ദിവസത്തിലേറെയായി ജീവിതം ദുരിതത്തിലാണെന്ന് നാട്ടുകാർ പറയുന്നു. മുൻ സൈനിക പ്രമുഖൻ അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ നേതൃത്വത്തിലാണ് പ്രതിരോധ സേന ഇവിടെ താലിബാനെതിരെ പിടിച്ചുനിൽക്കുന്നത്. ആക്രമണം രൂക്ഷമായതോടെ ജീവിതം താളംതെറ്റിയ നാട്ടുകാരിലേറെയും പലായനം ചെയ്തിട്ടുണ്ട്.
കുന്ദുസ്, ബഗ്ലാൻ, കാപിസ, പർവാൻ, ടാഖർ പ്രവിശ്യകളിലുണ്ടായിരുന്ന അഫ്ഗാൻ സേനാംഗങ്ങളിലേറെയും നിലവിൽ പഞ്ചശീറിൽ താലിബാനെതിരെ ചെറുത്തുനിൽപ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.