അഫ്ഗാനിൽ താലിബാന് കീഴടങ്ങാതെ പഞ്ച്ശീറിൽ പോരാട്ടം തുടരുന്ന സേനയുടെ തലവൻ അഹമ്മദ് മസൂദ് ചർച്ചക്ക് ഒരുക്കമാണെന്ന് പ്രഖ്യാപിച്ചു. അതേസമയം, പഞ്ച്ശീർ കീഴടക്കിയതായും നേതാക്കൾ ഒളിച്ചോടിയതായും താലിബാൻ അവകാശപ്പെട്ടു.
അമേരിക്കൻ സേന അഫ്ഗാനിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം മുന്നേറ്റം തുടങ്ങിയ താലിബാൻ കാബൂളടക്കമുള്ള മുഴുവൻ നഗരങ്ങളും വലിയ പ്രതിരോധം നേരിടാതെ കീഴടക്കിയിരുന്നു. ഒരു പോരാട്ടത്തിന് പോലും നിൽക്കാതെ പ്രസിഡന്‍റ് അഷ്റഫ് ഗനി പലായനം ചെയ്യുകയും ചെയ്തു. എന്നാൽ, കാബുളിന്‍റെ വടക്കൻ മേഖലയിലുള്ള പഞ്ച്ശീർ താലിബാന് കീഴടങ്ങാൻ തയാറായില്ല. അഹമ്മദ് മസൂദിന്‍റെ നേതൃത്വത്തിൽ താലിബാനെ പ്രതിരോധിച്ചു നിൽക്കുകയായിരുന്നു പഞ്ച്ശീർ.
താലിബാന്‍റെ സൈനിക ശേഷിക്ക് മുന്നിൽ പഞ്ച്ശീറിന് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്ന് തീർച്ചയായിരുന്നെങ്കിലും കീഴടങ്ങാൻ പ്രതിരോധ സേന തയാറായിരുന്നില്ല. എന്നാൽ, മതപണ്ഡിതരുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ചക്ക് തയാറാണെന്നാണ് അഹമ്മദ് മസൂദ് ഫേസ്ബുക്ക് പേജിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അഹമ്മദ് മസൂദിന്‍റെ ആവശ്യത്തോട് താലിബാൻ പ്രതികരിച്ചിട്ടില്ല. അതേസമയം, പഞ്ച്ശീർ പൂർണമായും കീഴടക്കിയെന്ന പ്രഖ്യാപനമാണ് പിന്നീട് താലിബാൻ നടത്തിയത്.
പഞ്ച്ശീറിന്റെ ചുറ്റുമുള്ള ഭാഗം താലിബാന്‍റെ അധീനതയിലായതിനാൽ മേഖലയിലെ ജനങ്ങൾ ഉപരോധത്തിലെന്നവണ്ണമാണ് കഴിയുന്നത്. രണ്ട് ലക്ഷത്തോളം ആളുകളാണ് ഇവിടെയുള്ളത്. പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം താലിബാൻ നേരത്തെ വിഛേദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.