സോൾ: യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നതിനെത്തുടർന്ന് ദക്ഷിണ കൊറിയൻ വിമാനം അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കാബിനിലേക്ക് വായു ഇരച്ചുകയറിയെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഏഷ്യാന എയർലൈൻസ് എയർബസ് എ321 വിമാനത്തിൽ വെള്ളിയാഴ്ചയാണ് വ്യോമയാന മേഖലയെ ഞെട്ടിച്ച സംഭവമുണ്ടായത്.
യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ ചില യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാഗികമായി തുറന്ന വാതിലുമായാണ് വിമാനം പിന്നീട് പറന്നത്.
ദക്ഷിണ മേഖലയിലെ ദ്വീപായ ജേജുവിൽനിന്ന് തെക്കുകിഴക്കൻ നഗരമായ ദേഗുവിലേക്കു പോയ വിമാനത്തിൽ 194 പേരാണുണ്ടായിരുന്നത്. ഒരു മണിക്കൂർ യാത്രയാണ് ഈ റൂട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാതിൽ തുറക്കുന്നത് യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായുപ്രവാഹത്തിൽ യാത്രക്കാരുടെ വസ്ത്രങ്ങളും മുടിയും പറക്കുന്നത് ദൃശ്യത്തിൽ കാണാം. വാതിൽ തുറന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി എയർലൈൻസ് അറിയിച്ചു. ഉൽസാൻ നഗരത്തിൽ അത്ലറ്റിക് മത്സരങ്ങൾക്ക് പുറപ്പെട്ട കായികതാരങ്ങളും വിമാനത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.