പാരിസ്: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിലാണ് അന്വേഷണം. മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയപാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ലെ മൊണ്ടെ, എ.എഫ്.പി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരും ചാരവൃത്തിക്ക് ഇരയായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
പെഗസസ് വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് ഫ്രാന്‍സ്. മൊറോക്കോ ഇന്‍റലിജന്‍സ് പെഗസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗസസ് വഴി ഹാക്ക് ചെയ്യപ്പെട്ടതായി മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രമുഖ മാധ്യമപ്രവർത്തകർ, സുപ്രീംകോടതി ജഡ്ജി തുടങ്ങിയവർ ഫോൺ ചോർത്തലിനിരയായവരുടെ പട്ടികയിലുണ്ട്. എന്നാൽ, സംഭവത്തിൽ കേന്ദ്ര സർക്കാർ ഇതുവരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.