വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഉദ്യമത്തിൽ നിന്നും പിന്മാറി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സാമ്പത്തിക പ്രതിസന്ധിയും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് മൈക്ക് പെൻസിന്റെ പിൻന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ചർച്ചകൾക്കും ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ താൻ തീരുമാനിച്ചതായി പെൻസ് പറഞ്ഞു. ലാസ്വേഗാസിൽ റിപബ്ലിക്കൻ പാർട്ടിയുടെ ജൂതവിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പെൻസ്.
മൂന്നാം സംവാദത്തിലേക്ക് പെൻസ് യോഗ്യത നേടുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഈ ആശങ്കയാണ് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്ലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. പെൻസിന് തെരഞ്ഞെടുപ്പിനായി ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സി.എൻ.എന്നിനോട് വെളിപ്പെടുത്തി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെങ്കിലും കൺസർവേറ്റീവ് തത്വങ്ങൾക്കായി താൻ നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥാനങ്ങളിലും മൂല്യമുള്ള റിപബ്ലിക്കൻ പാർട്ടി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജനുവരി ആറിന് യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ നടന്ന അനിഷ്ട സംഭവങ്ങളെ തുടർന്നാണ് മൈക്കൻ പെൻസ് ഡോണൾഡ് ട്രംപുമായി തെറ്റിയത്. തുടർന്ന് കൺസർവേറ്റീവ് തത്വങ്ങൾ സംരക്ഷിക്കാനായി അദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
1984ലെ തെരഞ്ഞെടുപ്പിൽ റീഗൻ സ്വീകരിച്ച കാമ്പയിൻ രീതികളാണ് മൈക്ക് പെൻസ് പിന്തുടർന്നത്. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള മൈക്ക് പെൻസിന്റെ തീരുമാനം പുറത്ത് വന്നതോടെ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള സാധ്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.