ന്യൂസിലാൻഡിനെ ആളുകൾക്ക് വേണ്ട! ദ്വീപ് രാജ്യത്തിൽ നിന്ന് വൻ തോതിൽ പുറത്തേക്ക് കുടിയേറ്റം, കാരണം...

വെല്ലിങ്ടൺ: ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ ന്യൂസിലാൻഡിൽ നിന്ന് ജനം വൻതോതിൽ പുറത്തേക്ക് കുടിയേറുന്നതായി റിപ്പോർട്ടുകൾ. ജൂൺ വരെയുള്ള അവസാന ഒരു വർഷത്തിൽ 1.31 ലക്ഷം പേരാണ് ന്യൂസിലാൻഡിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇതിൽ മൂന്നിലൊന്നും ആസ്ട്രേലിയയിലേക്കാണ്.

ഒരു കാലത്ത് ആളുകൾക്ക് പ്രിയങ്കരമായിരുന്ന ന്യൂസിലാൻഡിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതിന് കാരണമായി പറയുന്നത് ഏതാനും കാര്യങ്ങളാണ്. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉയർന്ന പലിശനിരക്ക്, തളരുന്ന സാമ്പത്തിക മേഖല എന്നിവയാണിവ.

1,31,200 പേർ അവസാന ഒരു വർഷം രാജ്യംവിട്ടതായി സർക്കാറിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇത്, ചരിത്രത്തിലെ ഏറ്റവുമുയർന്ന കണക്കാണ്. ന്യൂസിലാൻഡിലേക്ക് പുതിയതായി വന്നെത്തുന്ന ആളുകളുടെ എണ്ണത്തിലും വൻതോതിലുള്ള കുറവാണുള്ളത്. സമ്പദ് വ്യവസ്ഥയുടെ തളർച്ച തന്നെയാണ് ഇതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ രാജ്യം വിട്ടവരിൽ 80,174 പേരും ന്യൂസിലാൻഡ് പൗരന്മാരാണ്. നേരത്തെ, കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യംവിട്ടവരേക്കാൾ ഇരട്ടിയാണ് ഇത്. ആസ്ട്രേലിയയിലേക്കും മറ്റ് സമീപദ്വീപുകളിലേക്കുമാണ് ആളുകളുടെ കുടിയേറ്റം ഏറെയും.

നേരത്തെ, കോവിഡിന്‍റെ ആദ്യ തരംഗത്തെ ന്യൂസിലാൻഡ് ഫലപ്രദമായി നേരിട്ടപ്പോൾ വൻതോതിൽ ആളുകൾ രാജ്യത്തേക്കെത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള തരംഗങ്ങളെ നേരിടുന്നതിൽ വീഴ്ചവരികയും കോവിഡ് വ്യാപകമാകുകയും ചെയ്തു. ഇതിന് പിന്നാലെ ജീവിതച്ചെലവ് ഉയരുകയും ഉയർന്ന പലിശനിരക്കും തൊഴിലവസരങ്ങളുടെ കുറവും ജനജീവിതത്തെ ബാധിച്ചു.

ദ്വീപുരാഷ്ട്രത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ തളർച്ചയിലാണ്. വാർഷിക വളർച്ച നിരക്ക് ആദ്യ പാദത്തിൽ 0.2 ശതമാനം മാത്രമാണ്. അതേസമയം, തൊഴിലില്ലായ്മ 4.7 ശതമാനമായി ഉയർന്നു. നാണ്യപ്പെരുപ്പം 3.3 ശതമാനം എന്ന ഉയർന്ന നിലയിലുമാണ്.

ഇതിനൊപ്പം, ആസ്ട്രേലിയ കൂടുതൽ പേരെ സ്വാഗതം ചെയ്യുന്നതും ന്യൂസിലാൻഡിന് തിരിച്ചടിയായി. വിവിധ തൊഴിൽ മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരെ രാജ്യത്തേക്ക് ക്ഷണിക്കുകയാണ് ആസ്ട്രേലിയ. ന്യൂസിലാൻഡുകാർക്കാവട്ടെ ആസ്ട്രേലിയയിൽ കഴിയാൻ വിസ ആവശ്യവുമില്ല. സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ന്യൂസിലാൻഡ് സർക്കാർ സേവന മേഖലയിൽ വൻതോതിൽ വെട്ടിക്കുറക്കലുകൾ വരുത്തിയതോടെ ആളുകൾ ആസ്ട്രേലിയയിലേക്ക് ജോലി തേടിപ്പോകുന്നത് വ്യാപകമായി. 

Tags:    
News Summary - People leave New Zealand in record numbers as economy bites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.