കോവിഡ് വാക്‌സിന്‍ 90 % ഫലപ്രദമെന്ന് അവകാശപ്പെട്ട് ഫൈസര്‍

ന്യൂയോർക്ക്: കോവിഡ് വാക്സിൻ പരീക്ഷണം സംബന്ധിച്ച അനുകൂല വാർത്തകൾക്കായി ലോകം കാതോർത്തിരിക്കെ, തങ്ങൾ വികസിപ്പിച്ച വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ കമ്പനി ഫൈസർ രംഗത്ത്. ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്ന് ഫൈസർ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എ.എഫ്.പി, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.

മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങളിൽ നിന്നാണ് കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞതെന്ന് ഫൈസർ ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർല വ്യക്തമാക്കി. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ പ്രതീക്ഷ നൽകുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസർ എന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയിൽ നിന്നുള്ള നാലെണ്ണമടക്കം 11 കോവിഡ് 19 വാക്സിനുകളാണ് നിലവിൽ അവസാനഘട്ട പരീക്ഷണത്തിലുള്ളത്.

മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ആദ്യമായാണ് ഫൈസർ പുറത്തു വിടുന്നത്. മുമ്പ് കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയതെന്ന് ബൗർല അവകാശപ്പെടുന്നു. അഞ്ചാംപനി അടക്കമുള്ളവയ്ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണിത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഏഴ് ദിവസത്തിനകം കോവിഡ് 19 പ്രതിരോധശേഷി ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളതെന്ന് ബൗർല പറഞ്ഞു. ആദ്യ ഡോസിൽ 28 ദിവസമായിരുന്നു ഇത്.

രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നതെന്ന് വാർത്ത എജൻസികൾ റിപ്പോർട്ടു ചെയ്തു. അനുമതി ലഭിച്ചാൽ ഡിസംബർ അവസാനത്തോടെ അഞ്ച് കോടി ഡോസ് വാക്സിനും 2021ൽ 130 കോടി ഡോസും ലോകത്തിന് നൽകാനാകുമെന്നാണ് ഫൈസറിൻ്റെ പ്രതീക്ഷ.

ഫൈസറും ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിന്റെ ജൂലൈ 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 43,538 പേരാണ് പങ്കാളികളായത്

ഇത്രയും സന്നദ്ധ പ്രവർത്തകരിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരിൽ മറ്റു വസ്തുവോ നൽകിയാണ് പരീക്ഷണം നടത്തിയത്. വാക്സിൻ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരുന്നെന്ന പേരിൽ മറ്റു വസ്തുക്കൾ നൽകിയവരിൽ 90 ശതമാനത്തിനും കോവിഡ് ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് പേരിൽ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളിൽ പുറത്തുവിടും.

വൈറസ് ബാധയിൽനിന്ന് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുമോ, ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കോവിഡ് ബാധിക്കാതെ സംരക്ഷിക്കുമോ എന്നീ കാര്യങ്ങളിൽ പരീക്ഷണങ്ങൾ തുടരുകയാണെന്ന് ബയേൺടെക്ക് സി.ഇ.ഒ ഉഗുർ സാഹിൻ പറഞ്ഞു. വാക്സിൻ പരീക്ഷണം വിജയകരമാണെന്ന വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് ഫൈസറിൻ്റെ ഓഹരികൾക്ക് 14.2 ശതമാനവും ബയേൺടെക്കിൻ്റെ ഓഹരികൾക്ക് 23 ശതമാനവും കുതിപ്പ് ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Pfizer claims that the Covid vaccine is 90% effective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.