വാഷിങ്ടൺ: അമേരിക്കൻ മരുന്നു നിർമാണ ഭീമനായ ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ ലോകത്തുടനീളം ഒരു വർഷം വിൽപന നടത്തുക വഴി ലഭിക്കുക 2600 കോടി ഡോളർ- അതായത് 1,92,000 കോടി രൂപ. വിവിധ രാജ്യങ്ങളുമായി ഇനിയും കരാറിലെത്താൻ ബാക്കിയുള്ളതിനാൽ വിറ്റുവരവ് ഇരട്ടിയും അതിലേറെയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ജർമൻ കമ്പനി ബയോ എൻ ടെക്കുമായി സഹകരിച്ച് കോമിർനാറ്റി അഥവാ ബി.എൻ.ടി.162 ബി.2 എന്ന പേരിൽ നിർമിച്ച മരുന്ന് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വിലകളിലാണ് വിൽക്കുന്നത്. അമേരിക്കയിൽ രണ്ടു ഡോസിന് 39 ഡോളർ ഈടാക്കുേമ്പാൾ യൂറോപ്യൻ യൂനിയനിൽ ഇത് 30 ഡോളറിനാണ് വിൽപന. ആദ്യ മൂന്നു മാസങ്ങളിലെ വിൽപന മാത്രം 350 കോടി ഡോളറിനാണ് (25,861കോടി രൂപ). ഇതുവരെയായി 160 േകാടി ഡോസ് വാക്സിൻ ലഭ്യമാക്കാനാണ് ഫൈസറുമായി വിവിധ രാജ്യങ്ങൾ കരാറിലെത്തിയത്. യു.എസ്, യു.കെ, ഇ.യു, ജപ്പാൻ, ഇസ്രായേൽ രാഷ്ട്രങ്ങളുമായി ഇതിനകം കരാർ പ്രാബല്യത്തിലായിട്ടുണ്ട്. ബ്രസീലുമായി 10 കോടി വാക്സിന് കരാർ ഉടനുണ്ടാകുമെന്നാണ് സൂചന. കാനഡ, ഇസ്രായേൽ എന്നിവ അടുത്ത വർഷത്തേക്കും കരാറിലെത്തിയിട്ടുണ്ട്.
27 അംഗ രാജ്യങ്ങളിലായി 60 കോടി വാക്സിനാണ് യൂറോപ്യൻ യൂനിയൻ വാങ്ങുന്നത്. 2023 ആകുേമ്പാഴേക്ക് 180 ഡോസ് വാക്സിൻ വാങ്ങുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ് ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു. 45 കോടിയാണ് അംഗ രാജ്യങ്ങളിലെ ജനസംഖ്യ. ഇവർക്ക് രണ്ടു വർഷത്തേക്ക് ഇത് മതിയാകുമെന്നാണ് കണക്കുകൂട്ടൽ.
ഫൈസർ നിർമിച്ച വാക്സിനാണ് ലോക വ്യാപകമായി ആദ്യ അംഗീകാരം നേടുന്നത്. മാർച്ച് മാസത്തോടെ ആറു മാസം മുതൽ 11 വയസ്സുവരെയുള്ള കുഞ്ഞുങ്ങളിലും വാക്സിൻ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
വിവിധ രാജ്യങ്ങൾ ഇനിയും കരാറിലെത്താനുള്ളതിനാൽ 2021ലെ വിറ്റുവരവ് 7100 കോടി ഡോളർ മുതൽ 7300 കോടി ഡോളർ വരെ കോവിഡ് വാക്സിൻ വിറ്റുവരവ് ഉണ്ടാക്കാനാകുമെന്നാണ് ഫൈസറിന്‍റെ കണക്കുകൂട്ടൽ. വാക്സിൻ വിറ്റുവരവ് കണക്കുകളും കണക്കുകൂട്ടലും പുറത്തുവിട്ട കമ്പനി ലാഭക്കണക്ക് പ്രഖ്യാപിച്ചിട്ടില്ല. ഫൈസർ വാക്സിൻ കൂടുതലായും സമ്പന്ന രാജ്യങ്ങൾക്ക് വിൽപന നടത്തുന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ, ഇതുവരെ 91 രാജ്യങ്ങളിലേക്ക് 43 കോടി ഡോസ് വാക്സിൻ കയറ്റി അയച്ചതായി കമ്പനി വ്യക്തമാക്കി.
മറ്റൊരു അമേരിക്കൻ കമ്പനിയായ മോഡേണയും ഉയർന്ന നിരക്ക് ഇൗടാക്കിയാണ് മരുന്ന് വിൽക്കുന്നത്. കമ്പനിക്ക് നടപ്പുവർഷം 1800 കോടി ഡോളർ വിറ്റുവരവ് ഉണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
മറുവശത്ത്, ലാഭേഛയില്ലാതെ വാക്സിൻ വിൽക്കുമെന്ന് പ്രഖ്യാപിച്ച ആസ്ട്രസെനക്കക്ക് വാക്സിൻ നിർമാണം വഴി 22.4 കോടി ഡോളറിന്‍റെ നഷ്ടം വന്നതായി കമ്പനി അറിയിച്ചു. രണ്ടു ഡോസുകൾക്ക് 4.30 മുതൽ 10 ഡോളർ വരെയാണ് കമ്പനി ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.