യു.എസിൽ ആഭ്യന്തരമായി വിസ പുതുക്കാൻ പദ്ധതി; കൂടുതൽ പ്രയോജനം ചെയ്യുക ഇന്ത്യക്കാർക്ക്

വാഷിങ്ടൺ: ഇന്ത്യൻ ഐ.ടി പ്രഫഷനലുകൾക്ക് ഗുണകരമായ നീക്കത്തിൽ, ചില വിഭാഗം എച്ച്-1ബി വിസകൾ ആഭ്യന്തരമായി പുതുക്കുന്നിനുള്ള പൈലറ്റ് പദ്ധതിക്ക് അമേരിക്ക ഡിസംബറിൽ തുടക്കം കുറിക്കും.

സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് യു.എസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളെയാണ് ഈ രീതിയിൽ നിയമിക്കുന്നത്.

കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിച്ചപ്പോഴാണ് വൈറ്റ് ഹൗസ് പദ്ധതി പ്രഖ്യാപിച്ചത്. തുടക്കത്തിൽ 20,000 അപേക്ഷകർക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. ഇന്ത്യയിൽ യു.എസ് വിസക്കുള്ള ആവശ്യം വളരെ ഉയർന്നതാണെന്ന് വിസ സേവനങ്ങൾക്കുള്ള ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി ജൂലീ സ്റ്റഫ് പറഞ്ഞു.

നിലവിൽ ആറ് മുതൽ 12 മാസം വരെയാണ് വിസക്കുവേണ്ടിയുള്ള കാത്തിരിപ്പ് സമയം. ഇന്ത്യക്ക് അമേരിക്ക നൽകുന്ന പരിഗണന വെച്ചുനോക്കുമ്പോൾ ഇത്രയും നീണ്ട കാലയളവ് അഭികാമ്യമല്ല. ഇന്ത്യയിൽനിന്നുള്ള അപേക്ഷകർക്ക് എത്രയും വേഗം വിസ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് യു.എസ് ആഗ്രഹിക്കുന്നത്. ഇതിനുള്ള നടപടികളിലൊന്നാണ് വിദേശികൾക്ക് ആഭ്യന്തരമായി വിസ പുതുക്കുന്നതിനുള്ള പൈലറ്റ് പദ്ധതി.

നിലവിൽ അമേരിക്കയിൽ കഴിയുന്ന വിദേശികളിൽ 20,000 പേർക്ക് ഡിസംബർ മുതൽ മൂന്ന് മാസത്തിനുള്ളിൽ ഇതുവഴി വിസ ലഭിക്കും. പിന്നീട് എണ്ണം വർധിപ്പിക്കും. അമേരിക്കയിലുള്ള വിദഗ്ധ ജോലിക്കാരിൽ നല്ലൊരു പങ്ക് ഇന്ത്യക്കാരാണ്. അതിനാൽ, ഇന്ത്യക്കാർക്കായിരിക്കും പദ്ധതി കൂടുതൽ പ്രയോജനം ചെയ്യുകയെന്നും അവർ പറഞ്ഞു.

Tags:    
News Summary - Plan to renew visas domestically in the US; More benefits for Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.