വാഷിങ്ടൺ: കറുത്ത വർഗക്കാരന് നേരെ വീണ്ടും പൊലീസ് വെടിവെപ്പ് ഉണ്ടായ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം പടരുന്നു. ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് വിസ്കോൻസിൻ കൗണ്ടിയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ദ് അസോസിയേറ്റ് പ്രസ്, ജെറ്റി ഇമേജസ് എന്നിവയുടെ ഫോട്ടോഗ്രാഫർമാർ അടക്കം 10 പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലാക്കിന് നേരെ പൊലീസുകാരൻ പിന്നിൽ നിന്ന് വെടിയുതിർത്തത്. ഈ സമയത്ത് ഇയാളുടെ മൂന്നു മക്കൾ കാറിലുണ്ടായിരുന്നു. ഈ വൈകാരിക തലമാണ് പ്രതിഷേധം കനക്കുന്നതിന് വഴിവെച്ചത്.
ഗുരുതര പരിക്കേറ്റ ജേക്കബ് ബ്ലാക്കിനെ ഹെലികോപ്റ്റർ മാർഗം മിൽവോക്കി ആശുപത്രിയിലേക്ക് മാറ്റി. ജേക്കബ് ബ്ലാക്കിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞതായി സാമൂഹ്യ പ്രവർത്തകൻ തൈറോൻ മുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു.
കറുത്ത വർഗക്കാൻ ജോർജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധങ്ങളാണ് അമേരിക്കയിൽ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.