മതസൗഹാർദ്ദ പ്രഖ്യാപനത്തിൽ മാർപാപ്പയും ഇന്തോനേഷ്യൻ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും ഒപ്പുവെച്ച നിമിഷം


സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ മാർപാപ്പയുടെ മുന്നറിയിപ്പ്

ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. ത​ന്‍റെ പ്രഥമ ഇന്തോനേഷ്യൻ സന്ദർശനത്തി​​ന്‍റെ അവസാന ദിവസം തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയിൽ പള്ളിയുടെ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഇമാമുമായി മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കായാണ് അദ്ദേഹം മാറ്റിവെച്ചത്.

87കാരനായ ​മാർപാപ്പ ചൊവ്വാഴ്ചയാണ് ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള 11 ദിവസത്തെ സന്ദർശനം ആരംഭിച്ചത്. അദ്ദേഹത്തി​ന്‍റെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രയാണിത്. വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളെന്ന നിലയിൽ നമ്മെ വ്യത്യസ്തരാക്കുന്നതിനപ്പുറം നമ്മൾ എല്ലാവരും സഹോദരന്മാരാണ്. എല്ലാ തീർത്ഥാടകരും ദൈവത്തിലേക്കുള്ള വഴിയിലാണെന്ന് തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയിൽ സംസാരിക്കവെ മാർപാപ്പ പറഞ്ഞു. യുദ്ധം, സംഘർഷം, പരിസ്ഥിതി നാശം എന്നിവയാൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് മാനവികത നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്തിഖ്‌ലാൽ പള്ളിയെ തെരുവിന് കുറുകെയുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റർ നീളമുള്ള തുരങ്കവും മാർപാപ്പ സന്ദർശിച്ചു. അദ്ദേഹവും ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും ‘സൗഹൃദ തുരങ്കത്തി​ന്‍റെ’ പ്രവേശന കവാടത്തിൽ ചേർന്നുനിന്നു. വ്യത്യസ്ത വിശ്വാസങ്ങളുള്ള ആളുകൾക്ക് എങ്ങനെ വേരുകൾ പങ്കിടാം എന്നതി​ന്‍റെ ‘വാചാലമായ അടയാളം’ ആണിതെന്ന് അദ്ദേഹം പറഞ്ഞു. ത​ന്‍റെ വീൽചെയറിലിരുന്ന് ജനക്കൂട്ടത്തെ കൈ വീശി കാണിച്ചു.

ചിത്രങ്ങൾ: ഗെറ്റി ഇമേജസ്

സന്ദർശനത്തി​ന്‍റെ രണ്ടാം ദിനമായ ബുധനാഴ്ച ജക്കാർത്തയിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോക്കോ വിദോദോക്കൊപ്പം മാർപാപ്പ ചെലവഴിച്ചു. ‘നാനാത്വത്തിൽ ഐക്യം’ എന്ന വാഗ്ദാനത്തിൽ ഇന്തോനേഷ്യ ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് കുട്ടികളടങ്ങുൻൻ വലിയ കുടുംബങ്ങളുള്ള ഇന്തോനേഷ്യക്കാരെ അദ്ദേഹം പ്രശംസിച്ചു. ‘ഇത് തുടരുക, എല്ലാ രാജ്യങ്ങൾക്കും നിങ്ങൾ ഒരു മാതൃകയാണ്. ഒരുപക്ഷേ ഇത് തമാശയായി തോന്നിയേക്കാം. ചിലയിടങ്ങളിൽ കുടുംബങ്ങൾ കുട്ടിക്ക് പകരം പൂച്ചയെയോ നായയെയോ വളർത്താൻ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് പകരം വളർത്തുമൃഗങ്ങളെ വളർത്തുന്നത് വിവാഹിതരായ ദമ്പതികളുടെ ‘മനുഷ്യത്വം’ കുറക്കുമെന്ന രണ്ട് വർഷം മുമ്പുള്ള ത​ന്‍റെ പരാമർശവും മാർപാപ്പ അനുസ്മരിച്ചു.

ഇന്തോനേഷ്യയിലെ പ്രധാന ഫുട്ബാൾ സ്റ്റേഡിയത്തിൽ 80,000 കാണികൾക്ക് മുമ്പായി കുർബാന ആചരിച്ച ശേഷം അദ്ദേഹം പാപുവ ന്യൂ ഗിനിയ, ടിമോർ ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പോവും. കത്തോലിക്കാ സഭ വളരുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായ ഏഷ്യ-പസഫിക്കിലെ സഭാ നേതാക്കളുമായുള്ള പൊതുപരിപാടികളുടെയും കൂടിക്കാഴ്ചകളുടെയും ഷെഡ്യൂകളും ഈ സന്ദർശനത്തിൽ മാർപ്പാപ്പക്ക് മുന്നിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മുസ്‍ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. 275 ദശലക്ഷം വരുന്ന അതി​ന്‍റെ ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രമാണ് കത്തോലിക്കർ. ഇസ്‍ലാം, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്ക, ബുദ്ധമതം, ഹിന്ദുമതം, കൺഫ്യൂഷ്യനിസം എന്നിങ്ങനെ ആറ് മതങ്ങൾ ഇന്തോനേഷ്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Pope and top Indonesian imam make joint call for peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.