നെയ്‌റോബി: കെനിയൻ വിമാനത്താവളം നടത്തുന്നതിന് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ വിവരം വെളിപ്പെടുത്തിയ ഫ്രാൻസ് ആസ്ഥാനമായുള്ള കെനിയൻ വിസിൽബ്ലോവർ നെൽസൺ അമേന്യയെ അദ്ദേഹത്തിന്റെ നാട്ടുകാരും ഇന്ത്യക്കാരും ഒരുപോലെ സമൂഹ മാധ്യമങ്ങളിൽ കൊണ്ടാടുകയാണ്. തനിക്കുള്ള പിന്തുണയിൽ ഇന്ത്യക്കാർക്ക് അമേന്യ നന്ദി അറിയിച്ചു. ‘അദാനി കുറ്റപത്രത്തെക്കുറിച്ചുള്ള എന്റെ ട്വീറ്റുകളിൽ ഇന്ത്യക്കാർ വളരെ സന്തോഷത്തോടെ ഇടപെടുന്നത് ഞാനേറെ ഇഷ്ടപ്പെടുന്നു! അവരിത് ഞങ്ങളോടൊപ്പം ആഘോഷിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള സഖാക്കളേ, നിങ്ങളുടെ ശക്തിയാണിത്!’- അമേന്യ വ്യാഴാഴ്ച ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.
കെനിയക്കാരുടെയും ഇന്ത്യക്കാരുടെയും ലോകമെമ്പാടുമുള്ളവരുടെയും സ്നേഹത്തിന്റെയും പിന്തുണയുടെയും ട്വീറ്റുകളുടെ ഹിമപാതത്തിൽ ഞാൻ ഉണർന്നു! സഖാക്കൾക്ക് നന്ദി! നമ്മുടെ രാജ്യത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി നമ്മൾ എഴുന്നേറ്റുനിന്ന് പോരാടണം! വിവ!’ എന്നും അദ്ദേഹം കുറിച്ചു.
താൻ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയാണ് അദാനിയെ പരിചയപ്പെടുത്തിയതെന്നും അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുവെന്നും മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കഴിഞ്ഞ മാസം മൊംബാസയിലെ ഒരു സമ്മേളനത്തിൽ വെളിപ്പെടുത്തിയതും ഇപ്പോൾ കെനിയൻ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലെ കെനിയൻ ഭരണസഖ്യത്തിന്റെ ഭാഗമാണ് റെയ്‍ല ഒഡിംഗ. 2009ലും 2012ലും മോദി സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്നപ്പോൾ നടത്തിയ വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടികളിൽ ഒഡിംഗ പങ്കെടുത്തിരുന്നു.
‘ഞാൻ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദാനിയെ എനിക്ക് പരിചയപ്പെടുത്തിയത്. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തകർന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്താവളത്തെ അവർ എങ്ങനെയാണ് ലോകോത്തര സൗകര്യമാക്കി മാറ്റിയതെന്നും അവരുടെ പവർ പ്രോജക്ടുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും മുംബൈയിൽ ഞാൻ കണ്ടു’-റെയ്‌ല ഒഡിംഗ പറഞ്ഞു. കേന്ദ്രത്തിലെ മോദി സർക്കാർ അദാനി ഗ്രൂപ്പിന്റെ വിദേശ ബിസിനസ് സംരംഭങ്ങളെ പിന്തുണക്കുന്നതിൽ അതിരുകടന്നതായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം ശരിവെക്കുന്നതാണ് റെയ്നയുടെ പ്രസ്താവന.
വെളിപ്പെടുത്തലുകൾക്ക് ശേഷം തന്റെ സുരക്ഷയെക്കുറിച്ച് വിസിൽബ്ലോവർ നെൽസൺ അമേന്യ ഭയം പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിൽ ഒരു ‘ഗാഗ് ഓർഡറും’ ഇന്ത്യൻ കെനിയൻ വ്യവസായി ജയേഷ് സൈനിയിൽനിന്ന് ഒന്നിലധികം മാനനഷ്ടക്കേസുകളും അദ്ദേഹം നേരിട്ടു. കെനിയൻ അധികൃതരും അദ്ദേഹത്തിന്റെ സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.
ചൈനീസ് ഏജന്റെന്നും ‘ഹിന്ദു വിരുദ്ധൻ’ എന്നും മുദ്രകുത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കുത്തൊഴുക്ക് അമേന്യക്ക് നേരിടേണ്ടി വന്നു. ‘അദാനിയുടെ സ്വന്തം ആളുകൾ എനിക്ക് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ എന്റെ രാജ്യസ്‌നേഹത്തെയാണ് സ്‌പോൺസർ ചെയ്യുന്നത്. എന്റെ രാജ്യത്തിന് വേണ്ടി പോരാടാൻ എനിക്ക് പണം നൽകേണ്ടതില്ല!’ എന്നായിരുന്നു അത്തരത്തിലുള്ള ഒരു പോസ്റ്റിനോട് അമേന്യയുടെ പ്രതികരണം. കോൺഗ്രസിന്റെയും അതിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയുടെയും പ്രതിഷേധം ഉയർത്തിക്കാട്ടി ഇന്ത്യയിൽ തന്നെ പിന്തുണക്കുന്നവർക്ക് അമേന്യ നന്ദി അറിയിച്ചു. ‘ഇന്ത്യയിൽ നിന്നുള്ള സഹോദരീ സഹോദരന്മാരേ, നന്ദി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അതിരുകളില്ല!- അദ്ദേഹം ട്വീറ്റ് ചെയ്തു.
ജോമോ കെനിയാത്ത വിമാനത്താവളത്തിന്റെ വരുമാനം രാജ്യത്തിന്റെ ജി.ഡി.പിയുടെ അഞ്ച് ശതമാനമാണെന്നാണ് റിപ്പോർട്ട്. എന്നാലിത് അദാനിയുമായുള്ള ഇടപാടിലൂടെ സുതാര്യമല്ലാത്ത രീതിയിൽ സ്വകാര്യ കൈകളിലേക്ക് മാറ്റപ്പെടുകയാണെന്ന് പുറത്തുവന്നു. കെനിയയിലെ പ്രധാന വിമാനത്താവളം 30 വർഷത്തേക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള കരാറിന് പകരമായി അദാനി ഗ്രൂപ്പ് 1.85 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നായിരുന്നു കരാറിൽ ഒന്ന്. വൈദ്യുതി ലൈനുകൾ നിർമിക്കാൻ ഊർജ മന്ത്രാലയവുമായി 736 മില്യൺ ഡോളറിന്റെ കരാറിലും ഏർപ്പെട്ടിരുന്നു.
വിമാനത്താവള ഇടപാടിനെക്കുറിച്ച് ജൂലൈയിൽ അമേന്യ നടത്തിയ വെളിപ്പെടുത്തലുകൾ ജോമോ കെനിയാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചിരുന്നു. അമേന്യയുടെ വെളിപ്പെടുത്തലുകൾക്ക് ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ പുതുജീവൻ നൽകി. അദാനിക്കെതിരായ യു.എസ് കോടതിയുടെ വാറണ്ടും കൂടി വന്നതോടെ വ്യാഴാഴ്ച കെനിയൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്‍റ് വില്യം റൂട്ടോ കരാർ പിൻവലിച്ചു.
‘ബഹുമാനപ്പെട്ട അംഗങ്ങളേ, അഴിമതിയെക്കുറിച്ചുള്ള തർക്കമില്ലാത്ത തെളിവുകളോ വിശ്വസനീയമായ വിവരങ്ങളോ ഉണ്ടായാൽ നിർണായക നടപടിയെടുക്കാൻ ഞാൻ മടിക്കില്ലെന്ന് ഞാൻ മുമ്പ് പ്രസ്താവിക്കുകയും ഇന്നും ആവർത്തിക്കുകയും ചെയ്യുന്നു’വെന്ന് കെനിയൻ പ്രസിഡന്‍റ് പറഞ്ഞു. ഗതാഗത-ഊർജ മന്ത്രാലയങ്ങളിലെ അന്വേഷണ ഏജൻസികളും പങ്കാളിത്ത രാജ്യങ്ങളും നൽകുന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 10ൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ നിർദേശിക്കുന്നു. സ്വകാര്യ-പൊതു-പങ്കാളിത്തത്തിനായുള്ള വിപുലീകരണ പ്രക്രിയ റദ്ദാക്കുന്നുവെന്നും’ റുട്ടോ കൂട്ടിച്ചേർത്തു.
ഈ ആഴ്ച ആദ്യം, ബംഗ്ലാദേശ് ഹൈകോടതി 2017ൽ അദാനിയുമായുള്ള രാജ്യത്തിന്റെ വൈദ്യുതി വാങ്ങൽ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള അദാനിയുടെ പ്ലാന്‍റിൽ നിന്നുള്ള വൈദ്യുതി മറ്റ് ഇന്ത്യൻ ഉത്പാദകർ ഈടാക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് ബംഗ്ലാദേശ് വാങ്ങിയതെന്നാണ് ആരോപണം.
2021ൽ അദാനി ഗ്രൂപ്പിന് കാറ്റിൽ നിന്നുള്ള ഊർജ പദ്ധതി കൈമാറാൻ മോദി സമ്മർദം ചെലുത്തുന്നുവെന്ന് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ തന്നോട് പറഞ്ഞതായി 2022ൽ ശ്രീലങ്കൻ ഗവൺമെന്‍റിലെ ഒരു ഉദ്യോഗസ്ഥൻ അവിടുത്തെ പാർലമെന്‍ററി പാനലിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഉദ്യോഗസ്ഥൻ പ്രസ്താവന പിൻവലിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.