ലണ്ടൻ: വംശവെറിയുടെ വിളനിലമാണ് ബക്കിങ്ഹാം കൊട്ടാരമെന്ന് ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ വെളിപ്പെടുത്തലുകൾക്ക് എന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങി രാജകുടുംബം. വിഷയം ചർച്ച ചെയ്ത് അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത് പുരോഗമിക്കുകയാണ്. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകാതെ തരമില്ലെന്ന് ബന്ധപ്പെട്ടവർ വിശ്വസിക്കുന്നു. എന്നാൽ, തിരക്കിട്ട് മറുപടി നൽകി വിവാദങ്ങൾ കൊഴുപ്പിക്കുന്നതിൽ കാര്യമില്ലെന്നാണ് പ്രാഥമികമായെത്തിയ തീർപ്. രാജ്ഞിയുടെ സാന്നിധ്യത്തിൽ ചാൾസ്, വില്യം തുടങ്ങി പ്രമുഖർ പങ്കെടുത്ത യോഗങ്ങൾ ഒന്നിലേറെ നടന്നതായാണ് റിപ്പോർട്ട്.
ഇരുവരുടെയും ആദ്യ കുഞ്ഞായി ആർച്ചി പിറക്കുംമുമ്പ് മകന് കറുപ്പ് നിറം കൂടുതലാകുമോ എന്ന് രാജകുടുംബത്തിലെ ഒരാൾ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി കഴിഞ്ഞ ദിവസം മേഗൻ പറഞ്ഞിരുന്നു. രാജ്ഞിയോ ഭർത്താവായ എഡിൻബർഗ് പ്രഭു ഫിലിപ് രാജകുമാരനോ അല്ല അത് പറഞ്ഞതെന്ന് പിന്നീട് ഹാരി രാജകുമാരൻ വിശദീകരണം നൽകിയിരുന്നു.
ഞായറാഴ്ച യു.എസിൽ സി.ബി.എസ് ചാനൽ വഴിയും യു.കെയിൽ ഐ.ടി.വിയിലും സംപ്രേഷണം ചെയ്ത രണ്ടു മണിക്കൂർ അഭിമുഖത്തിലുടനീളം ഇരുവരും അനുഭവിച്ച ഭീഷണികളും അവഗണനകളും തുറന്നുപറയുന്നുണ്ട്. െകാട്ടാരത്തിൽ സുരക്ഷ നിഷേധിക്കപ്പെട്ട് വഴികളടഞ്ഞ് ഇനി ജീവിക്കേണ്ടെന്നുവരെ തീരുമാനമെടുത്ത സമയമുണ്ടായിരുന്നതായി മേഗൻ വ്യക്തമാക്കി. മകൻ ആർച്ചിക്ക് രാജകുടുംബ പദവി ബോധപൂർവം നിഷേധിക്കുകയായിരുന്നുവെന്നും അതുവഴി അവർക്ക് ലഭിക്കേണ്ട പൊലീസ് സുരക്ഷ തടയലായിരുന്നു ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. രാജ്ഞിയും മുതിർന്ന രാജകുടുംബാംഗങ്ങളും തമ്മിലെ അഭിപ്രായ ഭിന്നതകളും തീരുമാനമെടുക്കുന്നതിലെ പ്രശ്നങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. പിതാവ് തന്നെ സാമ്പത്തിക സഹായത്തിൽനിന്ന് ഒഴിവാക്കിയതായി ഹാരിയും വ്യക്തമാക്കി.
ആരോപണങ്ങൾ ഏറ്റെടുത്ത ബ്രിട്ടീഷ് പ്രതിപക്ഷമായ ലേബർ കക്ഷി, വംശവെറി നടന്നിട്ടുണ്ടെങ്കിൽ കൊട്ടാരം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. തുടർന്ന്, ബന്ധം വഷളായ കുടുംബത്തിൽ കഴിഞ്ഞ വർഷം ആരംഭതേതാടെ ഹാരിക്ക് സാമ്പത്തിക സഹായം നിർത്തുകയും പിതാവ് മൊബൈൽ ഫോൺ കോളുകൾ സ്വീകരിക്കാതാകുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ രാജകുടുംബ പദവി വേണ്ടെന്നുവെച്ച് ഹാരി- മേഗൻ ജോഡി യു.എസിലെ കാലിഫോർണിയയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു. ഇനിയൊരിക്കലും രാജകുടുംബമാകാൻ തിരിച്ചുവരില്ലെന്ന് അടുത്തിടെ ഹാരി വ്യക്തമാക്കുകയും ചെയ്തു.
അഭിമുഖം ചർച്ചയായതോടെ ബ്രിട്ടനിൽ ഇരുവരെയും പരമാവധി അപമാനിക്കാൻ ടാേബ്ലായ്ഡുകൾ മത്സരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്‍റെ ഭാഗമായി മേഗന്‍റെ പിതാവിനെ പോലും പ്രതിസ്ഥാനത്തുനിർത്തി റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.