കൊളംബോ: അഭിഭാഷകവൃത്തിയിൽനിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ റനിൽ വിക്രമസിംഗെക്ക് ശ്രീലങ്കൻ പ്രധാനമന്ത്രി പദത്തിൽ ആറാമൂഴം. 1949ൽ സ്വതന്ത്ര ശ്രീലങ്കയിൽ ജനിച്ച റനിൽ, വിദ്യാഭ്യാസ കാലത്ത് യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ യുവജന സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1977ൽ 28ാമത്തെ വയസ്സിൽ ശ്രീലങ്കയുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. ജയവർധന പ്രസിഡന്റായിരുന്ന കാലത്ത് വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത ഉപമന്ത്രിയായി. കൂടാതെ വിദ്യാഭ്യാസ, യുവജനകാര്യ-തൊഴിൽ വകുപ്പുകളുടെ ചുമതലയും വഹിച്ചു.
രാജ്യം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ഇംഗ്ലീഷ്, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.
1993-94 കാലത്ത് റണസിംഗെ പ്രേമദാസ വധിക്കപ്പെട്ടപ്പോഴാണ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധത്താൽ തകർന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കുക എന്നതായിരുന്നു പ്രധാനമന്ത്രി എന്ന നിലയിൽ വിക്രമസിംഗെയുടെ പ്രധാന പരിഗണന. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനായി. ഇതിന്റെ ഭാഗമായി ശ്രീലങ്കയുടെ പുനർനിർമാണത്തിനും വികസനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് 450 കോടി ഡോളർ ലഭിച്ചു. ഇതോടൊപ്പംതന്നെ രാജ്യത്തെ വംശീയ സംഘർഷം നേരിടുന്നതിനും ശ്രമം തുടർന്നു. എൽ.ടി.ടി.ഇയുമായി ചർച്ച ആരംഭിച്ചു. 2002 ഫെബ്രുവരി 22ന് വിമതരുമായി വെടിനിർത്തൽ കരാർ ഒപ്പിടാൻ വിക്രമസിംഗെക്കായി. ഈ കരാർ പ്രകാരം, ശത്രുത അവസാനിപ്പിക്കാൻ ഇരു കക്ഷികളും സമ്മതിച്ചു. പിന്നീട് പലതവണകളായി ലങ്കയുടെ ഭരണം ഈ എഴുപത്തിമൂന്നുകാരൻ കൈയാളി. അയൽരാജ്യമായ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണ് റനിൽ വിക്രമസിംഗെ. തമിഴ് പ്രശ്നം രൂക്ഷമായിരുന്ന കാലത്ത് സമാധാന ചർച്ചകൾക്ക് നേതൃത്വം കൊടുത്തിരുന്നു എന്നതും ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. 1994ൽ കെലാനിയ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രഫസറായ മൈത്രിയെ വിവാഹം കഴിച്ചു. മൈത്രി അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന പ്രഭാഷകയും സ്ത്രീപക്ഷ എഴുത്തുകാരിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.