ജിദ്ദ: 30 വർഷമായി ശുചിമുറിയിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലിന് പൂട്ടിട്ട് സൗദി അധികൃതർ. സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഹോട്ടലിനാണ് പൂട്ടുവീണത്. പഴകിയ സാധനങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിന് ഹോട്ടൽ ജീവനക്കാർ ഉപയോഗിച്ചിരുന്നതായും ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുന്നിടത്ത് നടത്തിയ പരിശോധനയിൽ എലി, ഇഴജന്തുക്കൾ അടക്കമുള്ളവ കണ്ടതായും അധികൃതർ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകളായി ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിനെ കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി അധികാരികൾ നടത്തിയ പരിശോധനയിലാണ് സംഭവം വ്യക്തമായത്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡുകൾ ഉണ്ടായിരുന്നില്ലെന്നും താമസനിയമങ്ങൾ ലംഘിച്ചാണ് ഇവർ രാജ്യത്ത് കഴിഞ്ഞിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശുചിത്വ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജിദ്ദയിലെ ഷവർമ റെസ്റ്റോറന്‍റ് മുൻപ് അടച്ചുപൂട്ടിയിരുന്നു. ഇറച്ചി വേവിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടിക്ക് മുകളിൽ എലിയെ കണ്ടെത്തിയതാണ് നടപടിക്ക് കാരണം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് റെസ്റ്റോറന്‍റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു റെസ്റ്റോറന്‍റ് അടച്ചുപൂട്ടിയത്.
റെസ്റ്റോറന്‍റുകളിൽ ശുചിത്വ പ്രശ്നങ്ങൾ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ഇതുവരെ 2,833 ഹോട്ടലുകളിൽ പരിശോധന നടത്തിയതായി സൗദി ഭരണകൂടം അറിയിച്ചു. ഇതിൽ 43 നിയമലംഘനങ്ങൾ കണ്ടെത്തിയതായും 26 ഭക്ഷണശാലകൾ അടച്ചുപൂട്ടിയതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.