ഒാട്ടവ: കാനഡയിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സമയത്തിൽ നിയന്ത്രണം. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക. ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ നിയമമാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്.
20 മണിക്കൂറിലധികം ജോലി ചെയ്യാൻ വിദ്യാർഥികളെ അനുവദിച്ച താൽക്കാലിക വ്യവസ്ഥ ഏപ്രിൽ 30ന് അവസാനിച്ചുവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വകാര്യ മന്ത്രി മാർക് മില്ലർ പറഞ്ഞു. കോവിഡ് കാലത്ത് രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് ആഴ്ചയിൽ 20 മണിക്കൂർ എന്ന നിബന്ധന ജസ്റ്റിൻ ട്രൂഡോ സർക്കാർ എടുത്തുകളഞ്ഞത്. ഈ ഇളവാണ് ഇപ്പോൾ അവസാനിപ്പിച്ചത്.
ഇന്ത്യൻ വിദ്യാർഥികളുടെ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണ് കാനഡ. കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജുക്കേഷന്റെ 2022ലെ റിപ്പോർട്ടനുസരിച്ച് 3.19 ലക്ഷം വിദ്യാർഥികളാണ് കാനഡയിൽ ഉപരിപഠനം നടത്തുന്നത്. കാനഡയിലേക്ക് വിദേശ വിദ്യാർഥികൾ വരുന്നത് പഠനത്തിനായിരിക്കണമെന്ന് മാർക് മില്ലർ പറഞ്ഞു. ജോലി ചെയ്യാൻ അനുമതിയുള്ള സമയം കുറച്ചതുവഴി വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.