ഇസ്ലാമാബാദ്: നവാസ് ശരീഫിന്റെ തിരിച്ചുവരവിന് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് വിലയിരുത്തൽ. സൈനിക നേതൃത്വവുമായി എന്തെങ്കിലും തരത്തിലുള്ള ധാരണയില്ലാതെ അദ്ദേഹം തിരിച്ചുവരാൻ തീരുമാനിക്കുമായിരുന്നില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ സാഹിദ് ഹുസൈൻ പറഞ്ഞു.
പാക് രാഷ്ട്രീയത്തിൽ സൈന്യത്തിന്റെ സ്വാധീനം എക്കാലത്തും നിർണായകമായിരുന്നു. അഴിമതിക്കേസിൽ ശിക്ഷ പൂർത്തിയാകാനുണ്ടെങ്കിലും കോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്. ഇതിന് കളമൊരുക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ സഹോദരൻ ശഹബാസ് ശരീഫ് പ്രധാനമന്ത്രിയായിരിക്കെ സർക്കാർ നിയമഭേദഗതി വരുത്തിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം നവാസ് ശരീഫിന് ഇസ്ലാമാബാദ് ഹൈകോടതി സംരക്ഷണ ജാമ്യം അനുവദിച്ചിരുന്നു. ജനുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാസ് ശരീഫ് തിരിച്ചെത്തിയത്. ലാഹോറിൽ വൻ റാലി സംഘടിപ്പിച്ച് അദ്ദേഹം പൊതുപ്രവർത്തന രംഗത്തേക്ക് ഉജ്ജ്വലമായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. മുഖ്യ എതിരാളിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ ഇപ്പോൾ സൈന്യത്തിന് അഭിമതനല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.