ലണ്ടൻ: രാജ്യത്ത് അനധികൃതമായി കുടിയേറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുസംബന്ധിച്ച പുതിയ ബിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു. പുതിയ നിയമവിരുദ്ധ കുടിയേറ്റ ബിൽ അനുസരിച്ച് അനധികൃതമായി ബ്രിട്ടനിൽ കുടിയേറിയവർക്ക് രാജ്യത്ത് ഒരു ആനുകൂല്യവും ലഭിക്കില്ലെന്നുമാത്രമല്ല ഇവർക്ക് മനുഷ്യാവകാശവാദങ്ങൾ ഉന്നയിക്കാനും അവകാശമുണ്ടാവില്ല.
അനധികൃതമായി ബ്രിട്ടനിൽ കുടിയേറുന്നവരെ തടവിലാക്കുമെന്നും ഒരാഴ്ചക്കകം രാജ്യത്തുനിന്നും നാടുകടത്തുമെന്നും ഋഷി സുനക് വ്യക്തമാക്കി. 'നിയമവിരുദ്ധമായി ബ്രിട്ടനിലെത്തുന്നവരെ തടവിലാക്കുകയും ആഴ്ചകൾക്കകം രാജ്യത്ത് നിന്ന് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. ഒരിക്കൽ നിങ്ങളെ ബ്രിട്ടനിൽ നിന്നും മാറ്റിയാൽ പിന്നീട് രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും - ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ നിയമം. 2022ൽ മാത്രം 45,000 അനധികൃത കുടിയേറ്റക്കാരാണ് ചെറുബോട്ടുകളിൽ ബ്രിട്ടനിലെത്തിയത്. അതേസമയം ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.