കാബൂൾ: ബലിപെരുന്നാൾ നമസ്കാരം നടക്കുന്ന പ്രസിഡന്‍റിന്‍റെ കൊട്ടാര വളപ്പിൽ റോക്കറ്റാക്രമണം. നമസ്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു കൊട്ടാരത്തെ മുൾമുനയിലാക്കി ആക്രമണമുണ്ടായത്. തുടരെ പൊട്ടിത്തെറികൾ മുഴങ്ങിയെങ്കിലും നിർത്താതെ പ്രസിഡന്‍റ് നമസ്കാരം തുടർന്നു.
പ്രസിഡന്‍റിന്‍റെ കൊട്ടാരവും നിരവധി എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് സംഭവം. യു.എസ് എംബസിയും ഇതിനടുത്താണ്. നമസ്കാരം കഴിഞ്ഞ് പ്രസിഡന്‍റ് അശ്റഫ് ഗനി പെരുന്നാൾ സന്ദേശം നൽകി.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മൂന്നു റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മീർവായിസ് സ്റ്റാനിക്സായി പറഞ്ഞു. മൂന്നും വ്യത്യസ്ത ഇടങ്ങളിലാണ് പതിച്ചത്. സംഭവം അന്വേഷിച്ചുവരികയാണ്. ം
കഴിഞ്ഞ ഡിസംബറിലും പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്ഷ്യമിട്ട് റോക്കറ്റാക്രമണമുണ്ടായിരുന്നു.
രാജ്യത്ത് താലിബാൻ പിടിമുറുക്കുന്നതിനിടെയുണ്ടായ ആക്രമണം യു.എസ് സഹായമില്ലാത്ത ഔദ്യോഗിക സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ആഗസ്റ്റ് 31ഓടെ സൈനിക പിൻമാറ്റം പൂർത്തിയാക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പതിവിന് വിപരീതമായി ഇത്തവണ പെരുന്നാളിനും താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നില്ല. താലിബാൻ ആയുധം താഴെവെക്കണമെന്ന് കാബൂളിലെ 15 നാറ്റോ സ്ഥാനപതികൾ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.