വാഷിങ്ടണ്‍: യുക്രെയ്ന്‍ ആക്രമണത്തിന് റഷ്യ തങ്ങളുടെ 70 ശതമാനം സൈനിക സന്നാഹവും സജ്ജമാക്കി കഴിഞ്ഞെന്ന് അമേരിക്ക. അടുത്ത ആഴ്ചകളില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിക്കുമെന്ന് യു.എസ് അധികൃതര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രെയ്ന്‍ അധിനിവേശത്തിന് റഷ്യന്‍ പ്രസിഡന്റ് തന്നെ നിര്‍ദേശം നല്‍കിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് യു.എസ് അധികൃതരുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
തന്ത്രപ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെ നടത്തുന്നത് ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് ഇതിന്റെ സൂചനയാണ്. യുക്രെയ്‌നില്‍ നേരിട്ട് ഇടപെടില്ലെന്ന് യു.എസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയല്‍ രാജ്യങ്ങളില്‍ യു.എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. യുക്രെയ്ന്‍ നാറ്റോ അംഗമല്ലെങ്കിലും യു.എസിന്റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിക്കു സമീപം വിന്യസിച്ചിരിക്കുന്നത്. പൂര്‍ണ അധിനിവേശത്തിന് ശ്രമിക്കാതെ ഭാഗിക ഇടപെടലിനുള്ള റഷ്യന്‍ സാധ്യതയാണ് യു.എസ് കാണുന്നത്. എന്നാല്‍, ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യ നിഷേധിക്കുകയും ചെയ്യുന്നു.
ആക്രമണവുമായി റഷ്യ മുന്നോട്ടുപോകുകയാണെങ്കില്‍ 50,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. യുക്രെയ്ന്‍ തലസ്ഥാനം ദിവസങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുക്കുമെന്നും ആയിരങ്ങള്‍ പലായനം ചെയ്യേണ്ടിവരുമെന്നുമാണ് നിഗമനം. ഇത് യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുമെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും സൈനികശേഷിയുള്ള രാജ്യങ്ങളിലൊന്നാണു റഷ്യ. അത്യാധുനിക പ്രതിരോധ ആയുധങ്ങളും മറ്റു സംവിധാനങ്ങളുമൊക്കെ കുന്നുകൂട്ടിയിരിക്കുന്ന രാജ്യം. യൂറോപ്പില്‍ റഷ്യ കഴിഞ്ഞാല്‍ വലുപ്പത്തില്‍ രണ്ടാമത്തെ രാജ്യം യുക്രെയ്‌നാണ്. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ റഷ്യയോട് അകലാന്‍ തുടങ്ങിയ യുക്രെയ്‌ന് 2014ലാണ് റഷ്യയെ യുദ്ധത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.