കിയവ്: റഷ്യൻ അധിനിവേശം ഒരുമാസത്തിലേക്ക് അടുക്കവെ പ്രതിരോധം ശക്തമാക്കി യുക്രെയ്ൻ. കടുത്ത റഷ്യൻ ആക്രമണം നടക്കുന്ന മരിയുപോളിലേക്ക് അടിയന്തര ആവശ്യത്തിനുള്ള വസ്തുക്കളുമായി പോയ വാഹനവ്യൂഹത്തെ റഷ്യൻ സൈന്യം പിടികൂടിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആരോപിച്ചു. ഭക്ഷണവും വെള്ളവും ഔഷധവുമില്ലാതെ ഒരുലക്ഷത്തിലേറെ പേർ കുടുങ്ങിക്കിടക്കുന്ന നഗരത്തിലേക്ക് സഹായവുമായിപോയ സ്റ്റേറ്റ് എമർജൻസി സർവിസിന്റെ ബസുകളാണ് റഷ്യ പിടിച്ചെടുത്തത്.
റഷ്യൻ സൈനികർ മരിയുപോൾ നഗരത്തിനകത്ത് കടന്നതായി യു.എസ് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. മരിയുപോളും ചെർണിവും പ്രതിരോധിക്കാൻ പൊരുതുകയാണ് യുക്രെയ്ൻ സൈന്യം. വൈറ്റ് ഫോസ്ഫറസ് അടങ്ങിയ മാരക രാസായുധങ്ങൾ റഷ്യ ജനവാസ മേഖലകളിൽ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഡോണെറ്റ്സ്കിലെ ക്രാമറ്റോസ്ക് പട്ടണത്തിൽ ഇത്തരം ആയുധങ്ങൾ പ്രയോഗിച്ചതിന്റെ ചിത്രങ്ങൾ കിയവ് പൊലീസ് ഉപ മേധാവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
റഷ്യ കീഴടക്കിയ തെക്കൻ നഗരമായ ഖെർസണിൽ മൂന്നുലക്ഷത്തിലേറെ പേർ ഭക്ഷണവും വൈദ്യ സഹായവുമില്ലാതെ നരകിക്കുകയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ആണവായുധം ഉപയോഗിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിന്റെ പ്രസ്താവന വിവാദമായി. റഷ്യയുടെ നിലനിൽപ് അപകടത്തിലാകുന്ന സാഹചര്യം വന്നാൽ അത്തരം ആയുധങ്ങൾ ഉപയോഗിച്ചേക്കുെമന്നായിരുന്നു മുന്നറിയിപ്പ്. യുക്രെയ്നിലേക്ക് നാറ്റോ സമാധാന സേനയെ അയച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പെസ്കോവ് കൂട്ടിച്ചേർത്തു. റഷ്യക്കെതിരായ നീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്പിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.