ബൈറൂത്: തുർക്കി അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ സിറിയയിൽ വെള്ളിയാഴ്ച റഷ്യൻ യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു വീടിന് നേരെയായിരുന്നു ആക്രമണമെന്നും പറയുന്നു. ആക്രമണത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് സിറിയൻ സിവിൽ ഡിഫൻസ് വളന്റിയർമാർ അറിയിച്ചു.
ജിസ്ർ അൽ-ഷോഗറിറിലെ ഇദ്ലിബിൽ നഗരത്തിൽ ഒരു റഷ്യൻ യുദ്ധവിമാനവും വടക്കൻ പ്രവിശ്യയിലെ പട്ടണത്തിൽ നാല് റഷ്യൻ വിമാനങ്ങളും വ്യോമാക്രമണം നടത്തിയതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും പ്രതിപക്ഷ മാധ്യമമായ ഓറിയന്റ് ടി.വിയും അറിയിച്ചു. അതേസമയം ഇദ്ലിബിൽ നടന്ന വ്യോമാക്രമണത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖല വിമതരുടെ കേന്ദ്രമാണ്. ഇദ്ലിബിൽ പ്രവിശ്യ നിലവിൽ അൽ-ഖാഇദയുമായി ബന്ധമുള്ള ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നിയന്ത്രണത്തിലാണ്. വടക്കൻ അലപ്പോ പ്രവിശ്യ തുർക്കിയ പിന്തുണയുള്ള വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും. ഈ മേഖലയിൽ സിറിയൻ സേനയും റഷ്യയും നിരന്തരം വ്യോമാക്രമണം നടത്താറുണ്ട്.
ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും കടുത്ത ദാരിദ്ര്യത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. വടക്കുപടിഞ്ഞാറൻ സിറിയയിൽ യു.എസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ ലക്ഷ്യമിട്ട് സൈനിക നടപടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി തുർക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുർദിഷ് നേതൃത്വത്തിലുള്ള സംഘം തങ്ങൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്നതായി തുർക്കിയ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.