സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം തുടരാന്‍ തീരുമാനിച്ച് റഷ്യ; എൽ.ജി.ബി.ടി.ക്യു പ്രചാരകർക്ക് വന്‍ പിഴ ശിക്ഷ

സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം തുടരാന്‍ തീരുമാനിച്ച് റഷ്യ. എഴുത്തിലോ സിനിമയിലോ സ്വവർഗ ലൈംഗികത സംബന്ധിച്ച് പ്രചാരണം നടത്തിയാല്‍ വന്‍പിഴയാണ് ശിക്ഷ. 2013ൽ റഷ്യൻ പാർലമെന്റായ ഡൂമ പാസാക്കിയ നിയമം തുടരാനാണ് തീരുമാനിച്ചത്. 397 അംഗങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണ് നിയമം തുടരുന്നത്.

റഷ്യന്‍ നിയമം മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തിയിരുന്നു. കടുത്ത വൈരികളായ യു.എസിന്‍റെ എതിര്‍പ്പിനെ പരിഹസിച്ച് ബ്ലിങ്കനുള്ള മറുപടി എന്ന ആമുഖത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കപ്പെട്ടത്. സ്വവര്‍ഗാഭിമുഖ്യമുള്ളവരെ അസാധാരണമായി കാണാത്ത കാലത്ത് റഷ്യന്‍ നയം പിന്തിരിപ്പന്‍ എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

നിയമം നടപ്പിൽവന്നാൽ റഷ്യന്‍ ക്ലാസിക്കുകള്‍ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമര്‍ശകരുടെ പരിഹാസം. വ്ലാഡ്മിര്‍ പുടിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഒരു ജനതയുടെ ലൈംഗീക സ്വാതന്ത്യം ഹനിക്കുന്ന നീക്കത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകർ ആരോപിക്കുന്നു.

സ്വവര്‍ഗ ലൈംഗികതയിലടക്കമുള്ള നിലപാടുകൾ സംബന്ധിച്ച് ഖത്തർ വിമർശിക്കപ്പെടുമ്പോഴാണ് റഷ്യയിൽ നിയമം നീട്ടുന്നത്. സ്വവര്‍ഗലൈംഗീകത കുറ്റകരമാണ് എന്നതടക്കം ഖത്തറിലെ വ്യക്തി നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാരോപിച്ച് ലോകകപ്പിന് ഖത്തറിലെത്തിയ ഏഴ് യൂറോപ്യന്‍ രാജ്യങ്ങൾ പ്രതിഷേധിച്ചിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ്സ് അണിഞ്ഞു പ്രതിഷേധിക്കാനുള്ള നീക്കം പക്ഷേ ഫിഫ വിലക്കിയിട്ടുണ്ട്.

റഷ്യയിൽ 'പരമ്പരാഗത മൂല്യങ്ങൾ' പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം എന്നാണ് പുടിൻ സർക്കാർ പറയുന്നത്. 18 വയസും അതിൽ കൂടുതലുമുള്ളവരിലേക്ക് ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരോധിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡൂമ വ്യാഴാഴ്ച ബില്ലിന് അംഗീകാരം നൽകി. ബില്ല് ഇനി ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിന്റെ അടുത്തേക്ക് പോകും. ​​തുടർന്ന് പ്രസിഡന്റ് പുടിൻ ഒപ്പ് വയ്ക്കുന്നതോടെ നിയമം നടപ്പിൽവരും.

വിവധതരം ശിക്ഷകളാണ് സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്നവർക്ക് നിയമം അനു​ശാസിക്കുന്നത്. വിദേശ പൗരന്മാർ ഈ കുറ്റകൃത്യം ചെയ്താൽ അവർ റഷ്യയിൽ നിന്ന് പുറത്താക്കപ്പെടും. പിഴ 100,000 മുതൽ 2 ദശലക്ഷം റൂബിൾ വരെയാണ് ($1,660-$33,000). ചില നിയമലംഘനങ്ങൾക്ക്, പുറത്താക്കുന്നതിന് മുമ്പ് വിദേശികളെ 15 ദിവസം തടങ്കലിൽ വയ്ക്കാം.


Tags:    
News Summary - Russian Duma gives LGBTQ bill final approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.