മോസ്കോ: യുക്രൈന്‍ തടവുകാരുമായി പോകുന്ന റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണ് 74 പേർ മരിച്ചതായി റിപ്പോർട്ട്. റഷ്യയുടെ ഐ.എൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് ബുധനാഴ്ച രാവിലെ 11ന് യുക്രൈൻ അതിർത്തി പ്രദേശമായ തെക്കൻ ബെൽഗൊറോഡ് മേഖലയിൽ തകർന്നുവീണത്.
തടവുകാരെ കൈമാറാൻ കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 65 യുദ്ധത്തടവുകാർക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെ 74 പേർ വിമാനത്തിലുണ്ടായിരുന്നു.
അപകടകാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, യുക്രെയ്ൻ സൈന്യം വിമാനം തകർത്തതാണെന്ന് ചില യുക്രെയ്ൻ മാധ്യമങ്ങൾ ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു.
ആഴ്ചകളായി യുക്രെയ്നിൽനിന്ന് ആക്രമണം നേരിടുന്ന പ്രദേശമാണ് ബെൽഗൊറോഡ്. കഴിഞ്ഞ ഡിസംബർ അവസാനം ഉണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ റഷ്യൻ സിവിലിയന്മാർ മരിച്ച സംഭവമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.