ജനീവ: യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുമെന്ന ആശങ്കകൾ ശക്തമാകുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ജനീവയിൽ ചർച്ച നടത്തി.
അടുത്തയാഴ്ച റഷ്യയുടെ എല്ലാ സുരക്ഷാ ആവശ്യങ്ങൾക്കും രേഖാമൂലം മറുപടി നൽകാൻ യു.എസ് സമ്മതിച്ചതായി ഒന്നരമണിക്കൂർ കൂടിക്കാഴ്ചക്ക് ശേഷം ബ്ലിങ്കനും ലാവ്റോവും സ്ഥിരീകരിച്ചു. ഇതൊരു നിർണായക നിമിഷമാണെന്ന് ബ്ലിങ്കൻ ചർച്ചക്ക് മുന്നോടിയായി പറഞ്ഞു. ഇന്ന് ഇവിടെതന്നെ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ നയതന്ത്രം ഇപ്പോഴും പ്രായോഗികമാണോയെന്ന് പരിശോധിക്കാനുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രധാന ചർച്ചയിൽ വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ലെന്നാണ് ലാവ്റോവും വ്യക്തമാക്കിയത്. യുക്രെയ്ൻ അതിർത്തിക്കടുത്ത് 1,00,000 റഷ്യൻ സൈനികരുണ്ടെങ്കിലും ആക്രമണ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെവെച്ച് റഷ്യ ആ നടപടി സ്വീകരിച്ചാൽ ഒത്തൊരുമിച്ച കനത്ത പ്രതികരണമുണ്ടാകുമെന്ന് ബ്ലിങ്കൻ ലാവ്റോവിന് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചത്തെ ചർച്ചയോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ യൂറോപ്യൻ പര്യടനം സമാപിക്കും.അതേസമയം, നാറ്റോയിൽ ചേരുന്നതിൽ നിന്ന് യുക്രെയ്നെ തടയണമെന്നതുൾപ്പെടെയുള്ള സുരക്ഷ ആശങ്കകളാണ് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പാശ്ചാത്യരാജ്യങ്ങളോട് നേരത്തെ പങ്കുവെച്ചത്. പാശ്ചാത്യസഖ്യം സൈനികാഭ്യാസങ്ങൾ ഉപേക്ഷിച്ച് കിഴക്കൻ യൂറോപ്പിലേക്ക് ആയുധങ്ങൾ അയക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.