ട്രിപ്പോളി: ലിബിയൻ ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ മകൻ സആദി ഖദ്ദാഫി ജയിൽ മോചിതനായി. ഉന്നത ഇടപെടലിനെ തുടർന്ന് 47 കാരനായ സആദിയെ ഇസ്താംബൂളിലേക്ക് കടത്തിയതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. 2011ലെ വിപ്ലവത്തിൽ മുഅമ്മർ ഖദ്ദാഫിക്ക് അധികാരം നഷ്ടപ്പെട്ടതോടെ മകൻ സആദി നൈജറിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ, 2014ൽ ഇയാളെ പിടികൂടി വീണ്ടും ലിബിയയിൽ എത്തിച്ച് ജയിലിലടച്ചു. മുൻ പ്രഫഷണൽ ഫുട്ബാൾ താരം കൂടിയായിരുന്ന ഇയാൾ 2011ൽ ജനകീയ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ മുന്നിലുണ്ടായിരുന്നു.
2005ൽ ലിബിയൻ ഫുട്ബാൾ കോച്ച് ബഷീർ അൽ റയാനെ കൊന്ന കേസിലും പ്രതിയാണ്. ഈ കേസിൽ 2018ലാണ് കുറ്റക്കാരനാണെന്ന് വിധിച്ച് തടവിലാക്കിയത്. ഖദ്ദാഫിയുടെ മൂന്ന് മക്കൾ വിപ്ലവത്തിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു. ഏകാധിപത്യ ഭരണം അവസാനിച്ചെങ്കിലും ലിബിയയിൽ ആഭ്യന്തര സംഘർഷങ്ങൾ അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദെബീബിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിലവിൽ ലിബിയ ഭരിക്കുന്നത്.
അബ്ദുൽ ഹമീദ് ദെബീബിന്‍റെ ഇടപെടലിലാണ് സആദിയെ വിട്ടയച്ചതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. അതിനു മുന്നോടിയായുള്ള നീക്കമാണെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.