ലാഹോർ: രാഷ്ട്രീയ ശത്രുക്കളായ ശരീഫ് ക്യാമ്പ് തന്റെ രണ്ടാം ഭാര്യക്ക് പണം നൽകി സ്വാധീനിച്ചെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആരോപിച്ചു. ലാഹോറിൽ പാർട്ടി പ്രവർത്തക കൺവെൻഷനിലാണ് പേരുപറയാതെ ഇംറാന്റെ ആരോപണം. ആദ്യ ഭാര്യ ജെമീമയെയും പേരുപറയാതെ ഇംറാൻ പരാമർശിച്ചു. പെരുന്നാളിന് ശേഷം തന്നെ വ്യക്തിഹത്യ നടത്താനുള്ള ഒരുക്കത്തിലാണ് 'ശരീഫ് മാഫിയ'യെന്നും മുമ്പ് ബേനസീർ ഭൂട്ടോക്കെതിരെയും ഇതു ചെയ്തിരുന്നതായും അദ്ദേഹം ആരോപിച്ചു.
'ഇസ്ലാം സ്വീകരിച്ച ശേഷം പാകിസ്താനിലേക്ക് വന്ന ഒരു സ്ത്രീക്കെതിരെ ഇതേസംഘം പ്രചാരണം നടത്തിയിരുന്നു. അവരെ ജൂത സ്ത്രീയെന്ന് വിളിക്കുകയും ഒരു വർഷത്തോളം വ്യാജ കേസുമായി നടക്കുകയും ചെയ്തിരുന്നു'. ആദ്യ ഭാര്യ ജെമീമ ഗോൾഡ്സ്മിത്തിന്റെ പേരുപറയാതെയായിരുന്നു ഇംറാന്റെ പരാമർശം.
'ഇതേ മാഫിയ, 2018 തെരഞ്ഞെടുപ്പിന് മുന്നോടിയായി എനിക്കെതിരെ പുസ്തകമെഴുതാൻ ഒരു സ്ത്രീക്ക് പണം നൽകി' -രണ്ടാം ഭാര്യ റിഹാം ഖാനെതിരെയായിരുന്നു ഇംറാന്റെ ഒളിയമ്പ്. ബി.ബി.സിയുടെ മുൻ മാധ്യമ പ്രവർത്തകയായ റിഹാം ഖാൻ തന്റെ ജീവിതവും പോരാട്ടവും പരാമർശിക്കുന്ന 'റിഹാം ഖാൻ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിൽ ഇംറാന്റെ ആത്മീയത, ദുർമന്ത്രവാദത്തിലുള്ള കടുത്ത വിശ്വാസം എന്നിവയുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
അതേസമയം, ഇംറാന്റെ പരാമർശത്തിനെതിരെ റിഹാം ഖാൻ രംഗത്തെത്തി. 'അദ്ദേഹത്തെ വിവാഹം കഴിക്കാനും ഒരു വർഷം അദ്ദേഹത്തെ സഹിക്കാനും അവർ എനിക്കെത്ര തന്നു എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കൂ'വെന്ന് റിഹാം ട്വീറ്റ് ചെയ്തു. മുടക്കമില്ലാതെ എന്റെ പിറകെ നടക്കാൻ അദ്ദേഹത്തിന് അവർ എത്ര നൽകിയെന്നും റിഹാം ചോദിച്ചു. ചിത്തഭ്രമം ഒരസുഖമാണെന്നു പറഞ്ഞാണ് റിഹാമിന്റെ ട്വീറ്റ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.