'എല്ലാ ജീവനും പവിത്രമാണെന്ന് ഞങ്ങൾ കരുതുന്നു; ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഇടപെടണം​' - ബൈഡന് ഹോളിവുഡ് താരങ്ങളുടെ കത്ത്

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേലിന്റെ അതിക്രമം അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യ​പ്പെട്ട് നടിയും ഗായികയുമായ സെലീന ഗോമസ്  അടക്കമുള്ളവർ യു.എസ് പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതി. ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെല്ലി ഹദിദ്, ഗിജി ഹദിദ്, ജെന്നിഫർ ലോപസ്, സയൻ മല്ലിക് തുടങ്ങിയ കലാകാരൻമാരും ബൈഡന് തുറന്ന കത്തെഴുതിയിരുന്നു. ഇവരുടെ കൂട്ടത്തിലേക്കാണ് സെലീനയും ചേർന്നത്.

ഓക്‌സ്‌ഫാം അമേരിക്ക, ആക്ഷൻ എയ്ഡ് യു‌.എസ്‌.എ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഇവരുടെ ശ്രമം. ഹോളിവുഡ് കലാകാരൻമാരുടെ കത്തിന്റെ പൂർണ രൂപം ഇങ്ങനെ: പ്രിയപ്പെട്ട പ്രസിഡന്റ് സർ, കലാകാരൻമാരും അഭിഭാഷകരും എന്ന നിലയിലാണ് ഞങ്ങൾ ഒത്തുചേരുന്നത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താങ്കളും യു.എസ് കോൺഗ്രസും ഗസ്സയിലും ഇസ്രായേലിലും ഇനിയും ജീവനുകൾ നഷ്ടപ്പെടുന്നത് തടയുന്നതിനായി അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. ഒന്നര ആഴ്ചക്കുള്ളിൽ 5000ത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. മനഃസാക്ഷിയുള്ള ഏതൊരു വ്യക്തിയുടെയും ഹൃദയം തകർക്കുന്ന ദുരന്തമാണിത്. വിശ്വാസത്തിനും വംശത്തിനുമപ്പുറം എല്ലാ ജീവനും പവിത്രമാണെന്നാണ് ഞങ്ങൾ കരുതുന്നത്. ഫലസ്തീനിലെയും ഇസ്രായേലിലെയും നിരപരാധികളുടെ ജീവൻ ഇല്ലാതാക്കുന്നത് ഞങ്ങൾ അപലപിക്കുന്നു.''-എന്നാണ് കത്തിലുള്ളത്.

സെലീനയെ കൂടാതെ അനൗഷ്‌ക ശങ്കർ, ബെൻ അഫ്‌ലെക്ക്, ബ്രാഡ്‌ലി കൂപ്പർ, ചാനിംഗ് ടാറ്റം, ഡ്രേക്ക്, ദുവാ ലിപ, ജോക്വിൻ ഫീനിക്‌സ്, ജോ ആൽവിൻ, ക്രിസ്റ്റൻ സ്റ്റുവർട്ട്, മൈക്കൽ മൂർ, സാറാ ജോൺസ് എന്നിവരും ഗസ്സയിലെ വെടിനിർത്തലിനായി രംഗത്തുവന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് സെലീന ഗോമസ് വീണ്ടും കുറിപ്പുമായി വന്നിരിക്കുന്നത്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ പ്രതികരിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു താരം. ലോകത്ത് നടക്കുന്ന ഭയാനകമായ വിദ്വേഷവും അക്രമവും ഭീകരതയും എന്റെ ഹൃദയം തകർത്തു എന്നായിരുന്നു നേരത്തേ അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

''ആളുകൾ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അതല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തോട് വെറുപ്പ് പ്രകടിപ്പിക്കുന്നതും ഭയാനകമാണ്. എല്ലാ വ്യക്തികളും പ്രത്യേകിച്ച് കുട്ടികൾ സംരക്ഷിക്കപ്പെടേണ്ട വരാണ്. അക്രമം അവസാനിപ്പിക്കണം.''-എന്നായിരുന്നു സെലീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 

Tags:    
News Summary - Selena Gomez, Gigi Hadid and others write open letter to Joe Biden urging ceasefire in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.