ടൊറന്റോ: ഒന്നര വയസ്സുള്ള പേരക്കുട്ടിയുമായി നടക്കാനിറങ്ങുന്നതിനിടെ 17 തവണ കുത്തേറ്റ ഇന്ത്യൻ പൗരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പൊലീസ് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദിലീപ് കുമാർ ധോലാനി എന്ന 66 കാരനാണ് ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മകൻ ദിനേഷ് ധോലാനി പറഞ്ഞു.
ഗ്രേയ്റ്റർ ടൊറന്റോ ഏരിയയിൽ ആക്രമണം നടന്ന സ്ഥലത്തിന് സമീപം താമസിച്ചിരുന്ന 20 കാരനായ നോഹ ഡെനിയർ ആണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മകനും കുടുംബത്തിനുമൊപ്പം താമസിക്കാനാണ് ദിലീപ് കുമാർ ധോലാനി കനഡയിലെത്തിയത്.
സംഭവത്തെക്കുറിച്ചുള്ള രോഷം സമീപപ്രദേശങ്ങളിലും ഇന്തോ-കനേഡിയൻ സമൂഹത്തിലും കനഡയിലും വ്യാപിച്ചിട്ടുണ്ട്. മുത്തച്ഛൻ തന്റെ ചെറുമകളോടൊപ്പം നടക്കാനിറങ്ങിയപ്പോൾ കത്തികൊണ്ട് ആക്രമിക്കപ്പെടുന്നു. എപ്പോഴാണ് ഇതുപോലുള്ള ഭീകരത സാധാരണമായത്? എന്നാണ് ആക്രമണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പ്രധാന പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് പിയറി പൊയ്‌ലീവർ പറഞ്ഞത്.
17 കുത്തേറ്റിട്ടും പിതാവ് രക്ഷപ്പെട്ടത് ഭാഗ്യകൊണ്ടാണെന്ന് ദിനേഷ് ധോലാനി പറയുന്നു. കൊലപാതക കുറ്റം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഡെനിയർ ജാമ്യം നേടിയേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ കുടുംബം അവരുടെ നിലവിലെ വസതിയിൽ സുരക്ഷിതരായിരിക്കുമോ എന്നുമുള്ള ആശങ്കയും ദിനേഷ് ധോലാനി പങ്കുവച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലാത്തതും കുടുംബത്തെ ആശങ്കപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.