കാബൂൾ: കാബൂൾ സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ച്ച ഉണ്ടായ ആക്രമണത്തിലാണ് മുതിർന്ന താലിബാൻ കമാൻഡർ ഹംദുള്ള മൊഖ്ലിസ് കൊല്ലപ്പെട്ടത്. ഹഖാനി സംഘടനയിലെ അംഗവും ബദാരി കോർപ്സ് പ്രത്യേക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ട മൊഖ്ലിസ്.
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം നടന്ന വലിയ ആക്രമണമാണിത്. 19 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആക്രമണം നടന്ന 15 മിനിറ്റനകം തന്നെ ചെറുത്തുനിൽപ് ആരംഭിച്ചതായും ആശുപത്രിയിലെ സാധാരണക്കാരെയും ഡോക്ടർമാരെയും രോഗികളെയും ലക്ഷ്യമിട്ടാണ് ഐ.എസ് ആക്രമണം നടത്തിയതെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ചെറുത്തുനിൽപ്പിനിടെയാണ് മൊഖ് ലിസ് കൊല്ലപ്പെട്ടത്.
മരണപ്പെട്ട 19 പേരെയും പരിക്കേറ്റ 50 പേരെയും കാബൂളിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.