കൊളംബോ: ഷെഹാൻ കരുണതിലകെ ആദ്യ നോവലെഴുതുന്നത് 2010ലാണ്. 'ചൈനമാൻ: ദ ലെജന്റ് ഓഫ് പ്രദീപ് മാത്യു' എന്ന ആ നോവലിന് കോമൺവെൽത്ത് പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. എഴുത്തിന്റെ ലോകത്ത് ചിരപ്രതിഷ്ഠനേടി ഒരു വ്യാഴവട്ടം തികയുമ്പോഴാണ് കരുണതിലകയെത്തേടി ബുക്കർ എത്തിയത്.

1975ൽ ദക്ഷിണ ശ്രീലങ്കയിലെ ഗല്ലെയിൽ ജനിച്ച കരുണതിലകെ, കൊളംബോയിലാണ് വളർന്നത്. ന്യൂസിലൻഡിലായിരുന്നു പഠനം. ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ തൊഴിലെടുത്തു. പരസ്യമേഖലയിലായിരുന്നു ആദ്യ ചുവടുവെപ്പ്. നോവലെഴുത്തിനുമുമ്പ് 'ദ ഗാർഡിയൻ', 'ന്യൂസ്‍വീക്ക്', 'നാഷനൽ ജ്യോഗ്രഫിക്' ഉൾപ്പെടെ പ്രസിദ്ധീകരണങ്ങളിൽ ഫീച്ചറുകൾ പ്രസിദ്ധീകരിച്ചു. ശ്രീലങ്കൻ റോക്ക് ബാൻഡുകളുടെയും ഭാഗമായിരുന്നു.

'ചൈനമാൻ' സ്വന്തം നിലക്ക് പ്രസിദ്ധീകരിക്കുന്നതിന് പത്തുവർഷം മുമ്പ് 'ദ പെയിന്റർ' എന്നൊരു നോവൽ എഴുതിയെങ്കിലും പ്രസിദ്ധീകരിച്ചില്ല. ഇടൈങ്കയൻ ലെഗ്സ്പിന്നറെ അടയാളപ്പെടുത്തുന്ന 'ചൈനമാനി'ൽ ക്രിക്കറ്റു തന്നെയാണ് താരം. 1980കളിൽ കാണാതായ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനെ കണ്ടെത്താൻ മദ്യപനായ മാധ്യമപ്രവർത്തകൻ നടത്തുന്ന ശ്രമം വായനസമൂഹത്തിന്റെ ഇഷ്ടം പിടിച്ചുപറ്റി. ചരിത്രം നിറയുന്ന കഥയെഴുത്ത് അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാകർഷിച്ചു.

പലരൂപത്തിൽ, പല തലക്കെട്ടിൽ എഴുതിയ നോവലാണ് ഒടുക്കം 'ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ'യായി പുറത്തിറങ്ങിയത്. പടിഞ്ഞാറൻ നാടുകളിലെ വായനക്കാർക്ക് കുഴഞ്ഞുമറിഞ്ഞ ശ്രീലങ്കൻ രാഷ്ട്രീയ വിവരങ്ങളുടെ പശ്ചാത്തലത്തിലുള്ള എഴുത്ത് മനസ്സിലാകും വിധമുള്ള എഡിറ്റിങ് മികവിനു ശേഷമാണ് നോവൽ ഈ രൂപം പ്രാപിച്ചത്.

കുട്ടികൾക്കുവേണ്ടിയും കരുണതിലകെ എഴുതിയിട്ടുണ്ട്. അഗത ക്രിസ്റ്റി, സൽമാൻ റുഷ്ദി, ശ്രീലങ്കയിൽ ആദ്യമായി ബുക്കർ നേടിയ മൈക്കിൾ ഒണ്ടാഷെ തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ ഇഷ്ട എഴുത്തുകാർ. അധികം വൈകാതെ മറ്റൊരു നോവൽകൂടി എഴുതാനുള്ള ആലോചനയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുട്ടികൾക്കുള്ള രണ്ടു പുസ്തകങ്ങളും പുരോഗമിക്കുന്നുണ്ട്.

Tags:    
News Summary - Shehan Karunatilaka Wins Booker Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.