ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യത്ത് അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞദിവസം ബംഗ്ലാദേശിൽനിന്ന് അവരുമായി പറന്നുയർന്ന് ഇന്ത്യയിലെത്തിയ വിമാനം ഇന്ന് രാവിലെ ഒമ്പതിന് ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ഫോഴ്സ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ടുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിദേശകാര്യമന്ത്രാലയം തള്ളി.
വളരെ പെട്ടെന്നാണ് ഹസീന രാജ്യത്തേക്ക് വരുന്നെന്ന അറിയിപ്പ് കിട്ടിയതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സർവകക്ഷി യോഗത്തിൽ അറിയിച്ചു. ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഹസീന തീരുമാനിക്കുകയായിരുന്നു. ഹസീന ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം എന്താണെന്ന് സര്‍ക്കാര്‍ ഉറ്റുനോക്കുകയാണ്. അത് തീരുമാനിക്കാനുള്ള സമയം അവർക്ക് അനുവദിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലെ സേനയുമായി ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി അറിയിച്ചു. കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രിപദം രാജിവച്ച് ഹസീന രാജ്യംവിട്ടത്. അഭയം നൽകുന്ന കാര്യത്തില്‍ യുകെയുടെ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച ഇന്ത്യയില്‍ തങ്ങുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന ഗസ്റ്റ് ഹൗസിലാണ് ഹസീനക്ക് ഇന്ത്യ അഭയം ഒരുക്കിയത്. ഇവര്‍ക്ക് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.