ഇസ്താംബൂൾ: തുർക്കിയയിലും സിറിയയിലും ആയിരക്കണക്കിനാളുകൾ ദാരുണമായി മരിച്ച, ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം നേരത്തെ പ്രവചിച്ച് ഡച്ച് ഗവേഷകന്റെ ട്വീറ്റ് ചർച്ചയാകുന്നു. നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (SSGOES) ഗവേഷകൻ ഫ്രാങ്ക് ഹൂഗർബീറ്റ്‌സ് ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ചയാണ് ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകിയത്. സെൻട്രൽ തുർക്കി, ജോർദാൻ, സിറിയ മേഖലയിലാണ് അദ്ദേഹം ഭൂകമ്പ സാധ്യത പ്രവചിച്ചിരുന്നത്. ‘അധികം വൈകാതെ സെൻട്രൽ തുർക്കി, ജോർദാൻ, സിറിയ മേഖലയിൽ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകും’ എന്നായിരുന്നു ട്വീറ്റ്.
ഹൂഗർബീറ്റ്സ് പ്രവചനം നടത്തി കൃത്യം രണ്ട് ദിവസം പിന്നിട്ട തിങ്കളാഴ്ച പുലർച്ചെയാണ് ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് തുർക്കിയയും സിറിയയും സാക്ഷിയായത്. ഹൂഗർബീറ്റ്സ് 7.5 തീവ്രതയാണ് പ്രവചിച്ചതെങ്കിൽ, സംഭവിച്ചത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. ഇതിന് പിന്നാലെ തന്റ മുൻ ട്വീറ്റ് ഓർമിപ്പിച്ച് അദ്ദേഹം രംഗത്തെത്തി.
“മധ്യ തുർക്കിയിലെ വൻഭൂകമ്പത്തിൽ നാശം വിതച്ച എല്ലാവർക്കും എന്റെ പ്രണാമം. ഈ മേഖലയിൽ അധികം വൈകാതെ ഇത് സംഭവിക്കുമെന്ന് ഞാൻ നേരത്തെ പ്രസ്താവിച്ചിരുന്നു. 115, 526 വർഷങ്ങളിൽ സംഭവിച്ചതിന് സമാനമാണിത്. ഈ ഭൂകമ്പങ്ങൾക്കെല്ലാം നിർണ്ണായകമായ ഗ്രഹ ജ്യാമിതിയാണുണ്ടായിരുന്നത്. ഫെബ്രുവരി 4-5 തീയതികളിലും സമാന സ്ഥിതിയായിരുന്നു’ -ഹൂഗർബീറ്റ്സ് ട്വീറ്റ് ചെയ്തു,
ഗ്രഹങ്ങളുടെ വിന്യാസമാണ് ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത് എന്നാണ് ഹൂഗർബീറ്റ്‌സിന്റെ സിദ്ധാന്തം. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.