സോൾ: ഉത്തരകൊറിയയും റഷ്യയും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാറിനെതിരെ ദക്ഷിണ കൊറിയ രംഗത്ത്. കരാറിന്റെ പശ്ചാത്തലത്തിൽ, റഷ്യൻ അധിനിവേശം ചെറുക്കാൻ യുക്രെയ്നിന് ആയുധം നൽകുന്ന കാര്യം പരിഗണിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. യുക്രെയ്നിന് മാനുഷിക സഹായം നൽകിവരുന്ന ദക്ഷിണ കൊറിയ ഇതുവരെ ആയുധങ്ങൾ നൽകിയിട്ടില്ല. സജീവമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ആയുധം നൽകരുതെന്ന നയത്തിന്റെ ഭാഗമായാണിത്. എന്നാൽ, കരാർ രാജ്യ സുരക്ഷക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയ നയം പുനഃപരിശോധിക്കുന്നത്.
റഷ്യ-ഉത്തരകൊറിയ കരാർ ദക്ഷിണ കൊറിയയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്നും പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മോസ്കോയുമായുള്ള രാജ്യത്തിന്റെ ബന്ധങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുനൽകി.
ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പരസ്പരം സൈനികമായി സഹായിക്കാനുള്ള കരാറിലാണ് കഴിഞ്ഞദിവസം റഷ്യയും ഉത്തര കൊറിയയും ഒപ്പുവെച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പൂർണമായി പിന്തുണക്കുമെന്നും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.