ബെയ്ജിങ്: ബഹിരാകാശയാത്ര നടത്തി തിരിച്ചെത്തുന്ന നെൽവിത്തിന് എന്തുമാറ്റമുണ്ടാകും? ചില ജനിതക മാറ്റങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാൽ ഇപ്പോൾ, ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയ നെൽവിത്ത് വിളവെടുത്തിരിക്കുകയാണ് ചൈന. 23 ദിവസമായിരുന്നു ചൈനീസ് ശാസ്ത്രജ്ഞർക്കൊപ്പം നെൽവിത്തിന്‍റെ ബഹിരാകാശ സന്ദർശനം. നവംബറിലായിരുന്നു യാത്ര.
ബഹിരാകാശത്തെത്തിയ നെൽവിത്തിന് ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിലും കോസ്മിക് രശ്മികളുടെ വികിരണത്തിലും ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 40 ഗ്രാം നെൽവിത്താണ് ചാന്ദ്രഗവേഷണത്തോടൊപ്പം എത്തിച്ചത്. ഗുവാങ്ഡോങ് പ്രവിശ്യയിലെ സൗത്ത് ചൈന അഗ്രികൾച്ചറൽ സർവകലാശാലയിലെ സ്പേസ് ബ്രീഡിങ് റിസർച്ച് സെന്‍ററിലെ ഹരിതഗൃഹങ്ങളിലാണ് വിത്തുമുളപ്പിച്ചത്.
1500 നെൽവിത്തുകളാണ് യാത്രക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തിയത്. 7.6ലക്ഷം കിലോമീറ്ററുകളിലധികം സഞ്ചരിച്ച് ഡിസംബർ 17നാണ് വിത്ത് ഭൂമിയിൽ തിരിച്ചെത്തിച്ചത്. ഒരു സെന്‍റിമീറ്റർ നീളത്തിലുള്ളവയായിരുന്നു വിത്തുകൾ. വിളവെടുത്ത നെല്ല് പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയാണ് ഇപ്പോൾ ചൈന. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം വ്യാപകമായി കൃഷിചെയ്യാനാണ് ചൈനയുടെ നീക്കം.
ബഹിരാകാശത്തുവെച്ച് വിത്തുകൾക്ക് ജനിതക മാറ്റം സംഭവിച്ചേക്കാം. ഇത് ഭൂമിയിൽ നട്ടുവളർത്തുന്നതോടെ ഉയർന്ന അളവിൽ വിളവെടുക്കാൻ സാധിക്കുമെന്ന് റിസർച്ച് സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്ടറായ ഗുവോ താവോ പറയുന്നു. ചൈനയുടെ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ധാന്യവിളവെടുപ്പ് വർധിപ്പിക്കാനാണ് ഈ നീക്കം.
1987 മുതൽ ചൈന നെൽവിത്തുകളും മറ്റു വിളകളും ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഇത്തരത്തിൽ 200ഓളം വിവിധ വിത്തുകൾ കൃഷി ചെയ്യാനായി ചൈനക്ക് അനുവാദം ലഭിച്ചതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
'സ്വർഗത്തിൽനിന്നുള്ള അരി' എന്നാൽ ചൈനയിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം. മൂന്നാലുവർഷത്തിന് ശേഷം ഇവ വിപണിയിലെത്തുമെന്ന് ഗ്ലോബൽ ടൈംസ് റിേപ്പാർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.