മഡ്രിഡ്: ഗസ്സയിലെ ഫലസ്തീനികൾക്കു നേരെ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്ന് സ്പാനിഷ് മന്ത്രി അയോണി ബെലാറ. അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗസ്സ ആക്രമണത്തിൽ ലോകനേതാക്കൾ ഇരട്ടത്താപ്പ് തുടരുന്നതിനെയും അവർ വിമർശിച്ചു. യുക്രെയ്നിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചവർ ഗസ്സ ഇസ്രായേൽ ബോംബിട്ട് തകർക്കുമ്പോൾ നിശ്ശബ്ദത പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ഫലസ്തീനികൾക്കെതിരായ ആസൂത്രിതമായ ഈ വംശഹത്യ ഇസ്രായേൽ സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. കൺമുന്നിൽ സ്വന്തം കുഞ്ഞുങ്ങൾ മരിച്ചുപിടയുന്നത് കാണുന്ന അമ്മമാരുടെ വിലാപം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ കൂട്ടക്കുരുതി ലോകം കണ്ടുനിൽക്കുമ്പോൾ മറ്റിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് നമുക്കെങ്ങനെ പറയാൻ സാധിക്കും. കൂടുതൽ രാജ്യങ്ങളും ഈ കൂട്ടക്കുരുതി കണ്ടില്ലെന്ന് നടിക്കുകയാണ്. എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുന്ന രാഷ്ട്രീയ നേതാക്കൾ മിണ്ടാതെയിരിക്കുന്നു. നന്നായി മനസിലാക്കിയ ഒന്നിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. യൂറോപ്യൻ യൂനിയൻ പോലും മിണ്ടാതെയിരിക്കുന്നു.-ബെലാറ കുറ്റപ്പെടുത്തി. ഗസ്സയുദ്ധത്തെതുടർന്ന് സ്പെയിൻ അടക്കമുള്ള ചില രാജ്യങ്ങൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
യുക്രെയ്നിൽ ആക്രമണം തുടങ്ങിയ ഉടൻ തന്നെ യൂറോപ്യൻ യൂനിയൻ റഷ്യൻ പ്രസിഡന്റിനും അനുയായികൾക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്ന കാര്യവും ബെലാറ ചൂണ്ടിക്കാട്ടി. നമുക്ക് അവസരം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഈ നിമിഷത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ഇസ്രായേലിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള അടിയന്തര നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. യുദ്ധക്രിമിനിലായ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.