ശ്രീലങ്കയിൽ ആൾ ദൈവം നൽകിയ അദ്ഭുത മരുന്ന് കുടിച്ച മന്ത്രി കോവിഡ് ടെസ്റ്റിൽ പോസിറ്റീവായി. കോവിഡ് തടയുന്നതിന് ശ്രീലങ്കൻ ആൾ ദൈവം തയ്യാറാക്കിയ മരുന്ന് പരസ്യമായി കുടിച്ച മന്ത്രിയാണ് രോഗം ബാധിച്ച് ആശുപത്രിയിലായത്. സ്വയം പ്രഖ്യാപിത വിശുദ്ധനായ ധമ്മിക ബന്ദാരയാണ് കഴിഞ്ഞ മാസം കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തുവന്നത്. തുടർന്ന് ഇദ്ദേഹം താമസിക്കുന്ന മധ്യ ശ്രീലങ്കയിലെ ഗ്രാമത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു.
ഇതോടൊപ്പമാണ് ശ്രീലങ്കയിലെ വനിതാ-ശിശു വികസന മന്ത്രി പിയാൽ നിഷന്ത ഡി സിൽവ വിശുദ്ധന്‍റെ മരുന്ന് പരസ്യമായി കുടിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത്. ഇദ്ദേഹത്തോടൊപ്പം ശ്രീലങ്കയിലെ പല രാഷ്ട്രീയക്കാരും മരുന്നിനെപറ്റി പുകഴ്ത്തി പറഞ്ഞിരുന്നു. ബന്ദാരയുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു രാഷ്ട്രീയക്കാരന്‍റെ കുടുംബാംഗങ്ങളും മരുന്നുകഴിക്കുകയും പിന്നീട് കോവിഡ് പോസിറ്റീവാകുകയും ചെയ്തിട്ടുണ്ട്. ഹിന്ദു ദേവതയായ കാളിയാണ് മരുന്നിന്‍റെ സൂത്രവാക്യം തനിക്ക് വെളിപ്പെടുത്തിയതെന്നാണ് ധമ്മിക ബന്ദാര പറയുന്നത്.
സർക്കാർ അനുകൂല മാധ്യമങ്ങൾ ബന്ദാരയ്ക്ക് വ്യാപകമായ പ്രചരണം നൽകി. തേനും ജാതിക്കയും ചേർത്താണ് മരുന്ന് നിർമിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇതിൽനിന്ന് ഔദ്യോഗികമായി തലയൂരി സർക്കാർ അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. 'ചില പാർലമെന്‍റ് അംഗങ്ങൾ മരുന്ന് സ്വീകരിച്ചെങ്കിലും സർക്കാർ അത് അംഗീകരിക്കുന്നില്ല' -മാസ് മീഡിയ മന്ത്രി കെഹെലിയ റംബുക്വെല്ല പറഞ്ഞു. ശ്രീലങ്കയിൽ ഇതുവരെ 53,750 അണുബാധകളുണ്ടാവുകയും 270 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.