ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തുടരുന്ന സംഘർഷം വീണ്ടും രൂക്ഷം. പ്രശ്നബാധിത മേഖലകളിൽനിന്ന് സിവിലിയന്മാർക്ക് നാടുവിട്ടോടാനായി പ്രഖ്യാപിച്ച വെടിനിർത്തൽ പരാജയമായതോടെയാണ് തലസ്ഥാനനഗരമായ ഖാർത്തൂമിലും മറ്റു പട്ടണങ്ങളിലും ഇരുവിഭാഗങ്ങളും തമ്മിൽ ആക്രമണം ശക്തമായത്. വെടിനിർത്തൽ ഞായറാഴ്ച രാത്രി വരെ തുടരേണ്ടതായിരുന്നെങ്കിലും വ്യോമാക്രമണമുൾപ്പെടെ ശക്തിയാർജിച്ചിട്ടുണ്ട്. രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കം വിദേശികളെ രക്ഷപ്പെടുത്തുന്ന ദൗത്യം അതിവേഗം പുരോഗമിക്കുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ 500ലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സ്വർണ ഖനികളുൾപ്പെടെ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ, ആഫ്രിക്കൻ വൻകരയിലെ മൂന്നാമത്തെ വലിയ രാജ്യത്താണ് സൈനികർ യുദ്ധം കനപ്പിക്കുന്നത്. ഒരു വശത്ത് സൈന്യവും എതിർവശത്ത് അർധ സൈനിക വിഭാഗമായ ആർ.എസ്.എഫുമാണ് ആയുധമെടുത്ത് തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ചുമതല നിർവഹിക്കേണ്ട രണ്ടു വിഭാഗങ്ങൾ അതു മറന്ന്, അധികാരം തങ്ങൾക്ക് മാത്രമാക്കാൻ പരസ്പരം പോരാടുന്നതാണ് കാഴ്ച.
പ്രകൃതി വിഭവങ്ങൾ വേണ്ടുവോളമുള്ള ആഫ്രിക്കയിലെ അനുഗൃഹീത രാജ്യങ്ങളിലൊന്നാണ് സുഡാൻ. സ്വർണം, യുറേനിയം, ഇരുമ്പയിര് തുടങ്ങി എണ്ണമറ്റ ധാതുക്കളുണ്ടെങ്കിലും വൻകരയിലെ ഏറ്റവും ദരിദ്രമായ നാടുകളിലൊന്ന്. പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയുമടക്കം ഇവിടെ കണ്ണുവെക്കാത്ത വിദേശ ശക്തികൾ കുറവ്. അതുകൊണ്ടുതന്നെ, പ്രശ്നം തീർക്കാൻ ഇടപെടുന്നവർ തന്നെ അവ ആളിക്കത്തിക്കാനും ശ്രദ്ധിക്കുന്നുവെന്ന് നാട്ടുകാർ ഭയക്കുന്നു.
ദീർഘകാലം രാജ്യം ഭരിച്ച ഉമറുൽ ബഷീറിനെ 2019ൽ പുറത്താക്കിയ പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ രണ്ടു വിഭാഗങ്ങൾ തമ്മിലാണ് ഇപ്പോൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ നേതൃത്വം നൽകുന്ന സൈന്യമാണ് ഒരു വശത്ത്. വർഷങ്ങൾക്ക് മുമ്പ് സായുധ റിബലുകളായി തുടങ്ങി ബഷീറിന്റെ സ്വന്തക്കാരായി ഔദ്യോഗിക അംഗീകാരം നേടിയെടുത്ത റാപിഡ് സപ്പോർട്ട് ഫോഴ്സസ് എന്ന ആർ.എസ്.എഫ് ആണ് മറുവശത്ത്. മുഹമ്മദ് ഹംദാൻ ദഗാലോ എന്ന ഹാമിദിയാണ് ആർ.എസ്.എഫ് തലവൻ. ഏറെയായി രണ്ടു നേതാക്കളും ഒന്നിച്ചായിരുന്നു ഭരണം. അൽബുർഹാൻ ഭരണത്തലവനും ഹാമിദി അദ്ദേഹത്തിന്റെ സഹായിയുമായിരുന്നു. എന്നാൽ, പട്ടാള ഭരണത്തിൽനിന്ന് ജനാധിപത്യ ഭരണത്തിലേക്ക് മാറാൻ ശ്രമം തുടരുന്ന രാജ്യത്ത് അടുത്തിടെ ഇരുവർക്കുമിടയിൽ രൂപപ്പെട്ട അധികാരത്തർക്കമാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. ആർ.എസ്.എഫിനെ പട്ടാളത്തിന്റെ ഭാഗമാക്കുമ്പോൾ ആര് പരമാധികാരിയാകുമെന്നതാണ് സംഘട്ടനത്തിലെത്തിച്ചിരിക്കുന്നത്.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ മാത്രം ഇരു വിഭാഗത്തിനും പതിനായിരക്കണക്കിന് സൈനികരുണ്ട്. ഈ വിഭാഗങ്ങൾ തമമിലാണിപ്പോൾ സംഘട്ടനം. ചെറുതായി തുടങ്ങിയ പോരാട്ടം നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കി രാജ്യമെങ്ങും പടർന്നിരിക്കുന്നു. സൈന്യം യുദ്ധ വിമാനങ്ങളും മറ്റ് വലിയ ആയുധങ്ങളും ആക്രമണത്തിന് ഉപയോഗപ്പെടുത്തുമ്പോൾ നേരിട്ടുള്ള ആക്രമണവുമായി ദാഗിലിയുടെ ആർ.എസ്.എഫും സജീവമായി രംഗത്തുണ്ട്. വിമാനത്താവളവും ജല വൈദ്യുതി നിലയവുമുള്ള മിറോവ് പട്ടണം പിടിച്ച് അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങളും ആർ.എസ്.എഫ് നടത്തുന്നുണ്ട്. രാജ്യത്തെ സ്വർണ ഖനനത്തിന്റെ നിയന്ത്രണം ആർ.എസ്.എഫ് നിയന്ത്രണത്തിലാണെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ, ആർ.എസ്.എഫിന് പടിഞ്ഞാറൻ പിന്തുണ സ്വാഭാവികമായും ഉണ്ട്.
ഒത്തുതീർപ്പ് ചർച്ചകൾ ഉടനൊന്നും വിജയം കാണില്ലെന്നതാണ് സുഡാൻ നൽകുന്ന ഏറ്റവും പേടിപ്പെടുത്തുന്ന സൂചന. ഇരു നേതാക്കളും വിട്ടുവീഴ്ചക്ക് തയാറല്ല. എതിരാളി കീഴടങ്ങിയാൽ മാത്രം പരിഹാരമെന്ന് ഇരുവരും പറയുന്നു. ഇതേ നിലപാട് തുടർന്നാൽ, സംഘർഷം വളർന്ന് ആയിരങ്ങൾ മരിച്ചുവീഴുന്ന വലിയ യുദ്ധമായി മാറാൻ സാധ്യതയേറെ. വർഷങ്ങൾക്കിടെ ആർ.എസ്.എഫ് അതിശക്തരായിക്കഴിഞ്ഞതിനാൽ ഖാർത്തൂമിൽനിന്ന് ഉടനൊന്നും തുരത്താൻ ഔദ്യോഗിക സേനക്കാവില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സിറിയയിലും ലിബിയയിലും നിലനിൽക്കുന്ന അതേ ആഭ്യന്തര യുദ്ധത്തിലേക്ക് സുഡാനും നീങ്ങുന്നത് മേഖലയെ കൂടുതൽ അപായമുനയിലാക്കും.
ഇതിന് നടുവിൽ ജീവിതം നരകതുല്യമായി മാറിയ സാധാരണക്കാരാണ് ഏറ്റവും വലിയ ഇരകൾ. മരിച്ചവരിൽ നിരവധി പേർ സിവിലിയന്മാരാണ്. പെരുന്നാൾ ദിനത്തിൽ പോലും ഭക്ഷണവും മരുന്നും ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വന്നത് ആയിരങ്ങൾ. ഭക്ഷണവും അവശ്യ വസ്തുക്കളും എത്തേണ്ട വഴികൾ യുദ്ധഭൂമികളായി മാറിയതോടെ ഏതുനിമിഷവും വൻ ദുരന്തം വന്നെത്താമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.