കയ്റോ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാലിൽ വഴിമുടക്കി കൂറ്റൻ ചരക്കുകപ്പൽ. 400 മീറ്റർ നീളത്തിൽ 59 മീറ്റർ വീതിയിൽ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ 'എവർഗ്രീൻ' ആണ് കാറ്റിലുലഞ്ഞ് സൂയസ് തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നത്. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ അതോടെ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്. ചെങ്കടലിനും മെഡിറ്ററേനിയൻ കടലിനുമിടയിലെ ഏക കപ്പൽ ചാലാണ് സൂയസ് കനാൽ. മൂന്നു വർഷം മുമ്പ് ജപ്പാനിൽ നിർമിച്ചതാണ് കപ്പൽ. രണ്ടു ലക്ഷം ടൺ ആണ് കപ്പലിന്‍റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാൻ വൻകിട കമ്പനികൾ കൂറ്റൻ കപ്പലുകളിലേക്ക് തിരിഞ്ഞത് സമാന അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്.
'ശക്തമായ കാറ്റിൽ നേരെ തിരിഞ്ഞ് കരക്കടിയുകയായിരുന്നുവെന്ന് കപ്പൽ അധികൃതർ പറഞു. തായ്വാൻ ആസ്ഥാനമായുള്ള കപ്പൽ ജപ്പാനിലെ ഷൂയി കിസെൻ കയ്ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
ടഗ് ബോട്ടുകളുപയോഗിച്ച് കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പക്ഷേ, ദിവസങ്ങളെടുത്തേ ഇത് രക്ഷപ്പെടുത്താനാവൂ എന്നാണ് സൂചന. ചൈനയിൽനിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്ക് പുറപ്പെട്ടതായിരുന്നു 'എവർഗ്രീൻ'. ജീവനക്കാർക്ക് പരിക്കില്ല. കപ്പലിന് കേടുപാടുകൾ പരിശോധിച്ചുവരികയാണ്. വടക്കോട്ട് 42ഉം തെക്കോട്ട് 64ഉം കപ്പലുകൾ പാതിവഴിയിലാണ്.
1869ൽ ആദ്യമായി തുറന്ന 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ് ലോകത്തെ 12 ശതമാനം ആഗോള വ്യാപാരം നടക്കുന്നതെന്നാണ് കണക്കുകൂട്ടൽ. കടൽവഴിയുള്ള എണ്ണകടത്തിന്‍റെ 10 ശതമാനവും പ്രകൃതി വാതകത്തിന്‍റെ എട്ടുശതമാനവും ഇതുവഴി കടന്നുപോകുന്നു.
മുമ്പും കപ്പലുകൾ മുടങ്ങി യാത്ര മുടങ്ങുന്നത് സൂയസിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2017ലാണ് അവസാനമായി സമാന സംഭവം നടന്നത്. ഒ.ഒ.സി.എൽ ജപ്പാൻ എന്ന കപ്പൽ മണിക്കൂറുകൾക്ക് ശേഷം ടഗ് ബോട്ടുകളുപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു. 2004ൽ കപ്പൽ കുടുങ്ങി മൂന്നു ദിവസം ഇതുവഴി ഗതാഗതം മുടങ്ങി. കാൽലക്ഷം ടൺ എണ്ണ പുറത്തേക്ക് പമ്പുചെയ്താണ് അന്ന് കപ്പൽ രക്ഷപ്പെടുത്തിയത്.
തത്കാലം സൂയസ് കനാൽ പഴയ പാത തുറന്നുനൽകിയിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗതം പഴയ പടി ആകുമെന്ന് ഉറപ്പില്ല. 2020ൽ മാത്രം 561 കോടി ഡോളറാണ് സൂയസ് കനാലിലെ കപ്പൽ ഗതാഗതം വഴി ഇൗജിപ്ത് സർക്കാറിന്‍റെ വരുമാനം. യാത്ര കൂടുതൽ സുഗമമാക്കി കനാൽ വികസനം പൂർത്തിയായി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.