കാബൂൾ: തിങ്കളാഴ്ച കാബൂൾ സമയം അർധരാത്രിക്ക് ഒരു മിനിറ്റ് മുമ്പ് ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യു.എസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയെന്ന പ്രഖ്യാപനം യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ ഫ്രാങ്ക് മക്കിൻസി നടത്തുേമ്പാൾ അഫ്ഗാനിൽ ആഘോഷം കൊഴുപ്പിച്ച് താലിബാൻ. നഗരത്തിൽ വെടിപൊട്ടിച്ചായിരുന്നു അർധരാത്രിക്കു ശേഷം പുലർച്ചെ വരെ നീണ്ട ആഘോഷം. ആഗസ്റ്റ് 31നകം എല്ലാ സൈനികരെയും പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂർത്തീകരിച്ചത്.
കടുത്ത സുരക്ഷാ ഭീഷണിക്കിടെ അതിവേഗത്തിലായിരുന്നു ഒഴുപ്പിക്കൽ. കാബൂൾ വിമാനത്താവളത്തിലും പരിസരങ്ങളിലും രണ്ടു തവണ ആക്രമണം നടന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും പിന്മാറ്റം പൂർത്തിയാക്കാനായത് സന്തോഷകരമാണെന്ന് യു.എസ് പറയുന്നു.
അമേരിക്ക കാബൂൾ വിട്ടുമടങ്ങിയതോടെ കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ താലിബാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദും പട്ടാളവും വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്. ഇവിടെ വെച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ താലിബാൻ നടത്തുമെന്ന സൂചനയുമുണ്ട്.
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നാണ് താലിബാൻ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.