ബൈറൂത്: 2008ൽ, അമേരിക്കയുടെ പേടിസ്വപ്നമായിരുന്ന ഹിസ്ബുല്ലയുടെ ആഗോള ഓപറേഷൻസ് തലവൻ ഇമാദ് മുഗ്നിയയെ കൊലപ്പെടുത്തിയതും സി.ഐ.എയുടെയും മൊസാദിന്റെയും ഗൂഢാലോചന. 1980കളിൽ ലബനാനിൽ അമേരിക്കക്കാരെ ബന്ദികളാക്കിയതിന്റെയും 1992ൽ അർജന്റീനയിലെ ഇസ്രായേൽ എംബസിയിൽ ബോംബിട്ട് 29 പേരെ കൊലപ്പെടുത്തിയതിന്റെയും പിന്നിൽ പ്രവർത്തിച്ച ബുദ്ധി ഇമാദിന്റെതായിരുന്നു. 1983ൽ ബൈറൂത് വിമാനത്താവളത്തിൽ 241 യു.എസ് സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിലും ഇമാദിന്റെ കരങ്ങളാണെന്ന ആരോപണമുണ്ടായിരുന്നു.
എങ്കിലും സ്വന്തം നാട്ടിൽ ഹിസ്ബുല്ലയുടെ കരുത്തനായ മുതിർന്ന കമാൻഡറെ കൊലപ്പെടുത്തുക ശ്രമകരമാണെന്ന് യു.എസിന്റെയും ഇസ്രായേലിന്റെയും ചാരസംഘടനങ്ങൾ തിരിച്ചറിഞ്ഞു. ഇരു ചാരസംഘടനകളും സംയുക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ലോകത്തെ ഞെട്ടിച്ച നീക്കങ്ങളിൽ ഒന്നാണ് ഇമാദ് വധം.
2008 ഫെബ്രുവരിൽ സിറിയയുടെ തലസ്ഥാനമായ ഡമസ്കസിലെ റസ്റ്റാറന്റിൽനിന്ന് അത്താഴം കഴിച്ച് കാറിൽ മടങ്ങുമ്പോഴായിരുന്നു മരണം. അദ്ദേഹത്തിന്റെ കാറിന്റെ സ്പെയർ ടയറിൽ സി.ഐ.എ-മൊസാദ് ഏജന്റുമാർ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽനിന്ന് റിമോട്ട് ഉപയോഗിച്ചാണ് ബോംബ് പൊട്ടിച്ചത്. നോർത്ത് കരോലിനയിൽ സി.ഐ.എ കേന്ദ്രത്തിലാണ് ഈ ഗൂഢാലോചന ആസൂത്രണം ചെയ്തത്. പാളിപ്പോകില്ലെന്ന് ഉറപ്പാക്കാൻ ചുരുങ്ങിയത് 25 സ്ഫോടന പരീക്ഷണങ്ങളെങ്കിലും നടത്തി. മുഗ്നിയ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരിക്കലും യു.എസ് ഏറ്റെടുത്തിട്ടില്ല. അമേരിക്കക്ക് പങ്കുണ്ടെന്ന കാര്യം പിന്നീട് അഞ്ച് സി.ഐ.എ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ചതിയിലൂടെ കൊല്ലുക എന്ന രീതിയായിരുന്നു പ്രയോഗിച്ചത്. ഇമാദിനെ കൊലപ്പെടുത്താൻ അന്നത്തെ യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ അനുമതി വേണമായിരുന്നു. അമേരിക്കൻ പൗരന്മാർക്ക് നിരന്തര ഭീഷണിയായതിനാൽ പ്രതിരോധത്തിന് വേണ്ടിയാണ് കൊലപ്പെടുത്തുന്നതെന്ന് സ്ഥാപിക്കാൻ കെട്ടുകഥ മെനഞ്ഞാണ് അനുമതി നേടിയത്. കാറിൽ എങ്ങനെ ബോംബ് സ്ഥാപിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.