ടോറോന്റോ: കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ ഏഴിന് വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർഥി കാർത്തിക് വാസുദേവന്റെ പിതാവ് ജിതേഷ് വാസുദേവ്. കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകന് ഉണ്ടായിരുന്നുവെന്നും ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് തന്നെ ധൈര്യപ്പെടുത്തുമായിരുന്നുവെന്നും ജിതേഷ് പറയുന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ കാർത്തിക് ഈ വർഷം ജനുവരിയിലാണ് ടോറോന്റോയിൽ എത്തിയത്. സെനിക് കോളജിൽ മാനേജ്മെൻറ് കോഴ്സ് വിദ്യാർഥിയായിരുന്നു. അവിടെത്തന്നെ പാർട്ട് ടൈം ജോലിയും മകൻ ചെയ്തിരുന്നതായും പിതാവ് പറഞ്ഞു.
വ്യാഴാഴ്ച ടോറോന്റോ സബ്സ്റ്റേഷൻ പ്രവേശനകവാടത്തിന് അടുത്തു വെച്ചാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് കാർത്തിക് കൊല്ലപ്പെട്ടത്. വൈകീട്ട് പാർടൈം ജോലിക്ക് പോവുകയായിരുന്നു. വെടിയേറ്റുവീണ കാർത്തിക്കിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
'എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് നീതി ലഭിക്കണം. ആരാണ് മകനെ വെടിവെച്ചതെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം' -വിജേഷ് പറഞ്ഞു. ഈ ആവശ്യവുമായി നാട്ടിൽനിന്നും ടോറോന്റോ പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് മറുപടി ലഭിച്ചിട്ടില്ല.
മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഇതിന്റെ നടപടി പൂർത്തീകരിക്കാൻ ഏഴ് ദിവസം എടുക്കുമെന്നാണ് വിവരം. കാനഡ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം വംശീയ കൊലപാതകമാണോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.