സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ആ​ദി​ൽ അ​ൽ ജു​ബൈ​ർ

മനുഷ്യവാസത്തിന് അനുയോജ്യരാജ്യമാക്കി മാറ്റുക ലക്ഷ്യം -സൗദി വിദേശകാര്യ സഹമന്ത്രി

റിയാദ്: കാർബൺ പുറന്തള്ളൽ പ്രക്രിയ ക്രമാനുഗതമായി കുറച്ചും പുനരുപയോഗ ഊർജശേഷി വർധിപ്പിച്ചും സൗദി അറേബ്യയെ മനുഷ്യവാസത്തിന് അനുയോജ്യമായ ഭൂപ്രദേശമായി പരിവർത്തിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഈ മാസം 18 വരെ നടക്കുന്ന യു.എൻ കാലാവസ്‌ഥ സമ്മേളനത്തോടനുബന്ധിച്ച് (സി.ഒ.പി-27) ഈജിപ്തിലെ ശറമുശൈഖിൽ സംഘടിപ്പിച്ച സൗദി ഹരിത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണത്തിനായി സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി പുനരുപയോഗ ഊർജത്തിൽ 17 സംരംഭങ്ങളാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രോകാർബൺ ഉൽപന്നങ്ങൾ ഫലപ്രദമായി ഉൽപാദിപ്പിക്കാനും പരിസ്ഥിതിയെയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുമുള്ള ബഹുമുഖ പദ്ധതികളാണ് രാജ്യം നടപ്പാക്കിവരുന്നത്. പാചക ആവശ്യത്തിനുള്ള ശുദ്ധ ഇന്ധനം, വ്യാപകമായി മരങ്ങൾ വെച്ചുപിടിപ്പിച്ചുകൊണ്ടുള്ള അന്തരീക്ഷ വിമലീകരണം എന്നിവ അവയിൽ ചിലത് മാത്രമാണ്.

എന്നാൽ നിക്ഷേപങ്ങളെ ആകർഷിച്ചും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള സന്തുലിത സമീപനം സൗദി അറേബ്യ നിലനിർത്തുകയും ചെയ്യും. മനുഷ്യർക്ക് പാർക്കാൻ പറ്റിയ നല്ല ഇടമാക്കി സൗദിയെ മാറ്റാനാണ് ശ്രമമെന്ന് ആദിൽ അൽ ജുബൈർ കൂട്ടിച്ചേർത്തു. അതിനായി 500 കോടി ഡോളറിന്റെ സംരംഭങ്ങൾക്കാണ് രാജ്യം തുടക്കമിട്ടിരിക്കുന്നത്. പ്രകൃതി ഇന്ധനത്താൽ അനുഗൃഹീതമായ രാജ്യമെന്ന നിലയിൽ, ഭാവി വാഗ്ദാനങ്ങളായ യുവസമൂഹത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കുന്നതിനായി കാലാവസ്ഥ വ്യതിയാനത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊർജ മേഖലയിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ലക്ഷ്യങ്ങളിലേക്കാണ് സൗദി അറേബ്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തിൽനിന്ന് അനാരോഗ്യകരമായ കാർബൺ ശേഖരിച്ച് സംഭരിക്കുന്ന മെഗാ പദ്ധതിക്ക് അരാംകൊയുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതിനുള്ള ജുബൈൽ വ്യവസായ നഗരത്തിലെ കേന്ദ്രം 2027ൽ പ്രവർത്തന സജ്ജമാകും. മറ്റ് രാജ്യങ്ങൾക്ക് സഹായദാതാവായി രാജ്യം കണക്കാക്കപ്പെടുന്നുവെന്നും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ വിജയകരമായ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രീയവും പ്രായോഗികവുമായ പരിസ്‌ഥിതി സംരക്ഷണ നടപടികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫാദ്‍ലി ഹരിത ഉച്ചകോടിയിൽ പ്രസ്താവിച്ചു. ആഗോള സമൂഹമെന്ന നിലയിൽ സമഗ്രതയോടെ പ്രവർത്തിക്കുകയും സമാന്തര സ്വഭാവത്തിൽ ബഹുമുഖ പ്രവർത്തനങ്ങൾ നടത്തി മുന്നേറുകയുമാണ് ഞങ്ങൾ. ഹരിതവത്കരണ പ്രക്രിയ ആരംഭിച്ചശേഷം ഇതുവരെ 1.8 കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ നമുക്ക് സാധിച്ചു. അതിൽ നല്ലൊരു ശതമാനം കണ്ടൽക്കാടുകളുമുണ്ട് -അൽ ഫാദ്‍ലി വിശദീകരിച്ചു.

രാജ്യത്തെ പ്രകൃതിദത്ത തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനം, തീരപ്രദേശത്തെ മണ്ണൊലിപ്പ് തടയാനുള്ള പദ്ധതികൾ എന്നിവ മുതൽ 2030ഓടെ 10 കോടി നാടൻ മരങ്ങളും കുറ്റിച്ചെടികളും പുല്ലുകളും നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങൾവരെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക മാതൃകകളായി തങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് അൽ ഫാദ്‍ലി വ്യക്തമാക്കി.

Tags:    
News Summary - The goal is to make the country fit for human habitation - Saudi Minister of State for Foreign Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.