​ഹേമ കമ്മിറ്റി റിപ്പോർട്ടി​ന്‍റെ പ്രകമ്പനം ​തമിഴ് സിനിമാ ലോകത്തിലേക്കും

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള ചലച്ചിത്ര ലോകത്തുയർന്ന പ്രകമ്പനങ്ങളുടെ പ്രതിധ്വനി തമിഴ് ചലച്ചിത്ര ലോ​കത്തേക്കും. മലയാളത്തിലെ നടിമാരുടെ പോരാട്ടത്തെ പ്രശംസിച്ച് ഒന്നിലേറെ നടീനടൻമാരാണ് ഇതിനകം രംഗത്തെത്തിയത്.

കേരളത്തെ പിന്തുടർന്ന് തമിഴ്നാടും സിനിമാ ലോകത്തെ ശുദ്ധീകരിക്കാൻ തീരുമാനിച്ചതായാണ് റി​പ്പോർട്ടുകൾ. തമിഴ് നടീനടൻമാരുടെ സംഘടനയായ ‘നടികർ സംഘം’ നടിമാർക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ അന്വേഷണവും നടപടിയും ​കൈകൊള്ളാൻ തീരുമാനിച്ചതായി സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനായി പത്തു ദിവസത്തിനകം പത്തംഗ സമിതിയെ നിയോഗിക്കു​മെന്നും അദ്ദേഹം പറയുകയുണ്ടായി. മലയാളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനു മുമ്പു തന്നെ നിരവധി തമിഴ് നടിമാർ അവർ നേരിട്ട ഗുരുതര ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആരോപണമുന്നയിച്ചിരുന്നുവെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് നടിയും ബി​.​ജെ.പി നേതാവുമായ ഖുശ്ബു പ്രതികരിച്ചു. പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിന്ന സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അർപിക്കുകയും ചെയ്തു അവർ. ലൈംഗികാതിക്രമങ്ങൾ മലയാളം ഇൻഡസ്‌ട്രിയിൽ കാലങ്ങളായി നടക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ ഞാൻ ഇതുപോലൊന്ന് അനുഭവിച്ചിട്ടില്ല. റിപ്പോർട്ട് സ്ത്രീകളെ സംസാരിക്കാൻ പ്രേരിപ്പിക്കുമെന്ന് തോന്നുവെന്നും അവർ പറഞ്ഞു. മോഹൻലാൽ ഉൾപ്പടെയുള്ള അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. അങ്ങനെ ഒരു പുതിയ നേതൃത്വം വരാൻ പോകുന്നു. പുരുഷന്മാർ പോലും സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു നിൽക്കുകയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മോഹൻലാൽ അടക്കം എല്ലാവരും രാജിവെച്ചതിൽ സന്തോഷമുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ സിനിമയിൽ മാത്രമാണ് വെളിച്ചം കാണുന്നത്. ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ എല്ലാ മേഖലയിലുമുണ്ട്. അവിടെയെല്ലാം ഹേമ കമ്മിറ്റി മോഡൽ ഉണ്ടാവണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.

വിവാദങ്ങളിലേക്ക് തമിഴ് ചലച്ചിത്ര ലോകവും ഉണരുന്നതിനിടെ സൂപ്പർസ്റ്റാർ രജനീകാന്ത് പ്രതികരിക്കാൻ നിർബന്ധിതനായെങ്കിലും തനിക്കിതെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അഭിനന്ദിച്ച് തെന്നിന്ത്യൻ നടി സാമന്തയും രംഗത്തെത്തി. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് അവർ പ്രതികരിച്ചു. ഇതിന് വഴിയൊരുക്കിയ മലയാളത്തിലെ ഡബ്ല്യു.സി.സിയെ അഭിനന്ദിക്കുന്നുവെന്നും സാമന്ത പറഞ്ഞു. തെലുങ്ക് സിനിമാ വ്യവസായത്തിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പഠനം നടത്തിയ സമിതി റിപ്പോർട്ട് ഉടൻ ​പ്രസിദ്ധീകരിക്കണമെന്ന് തെലങ്കാന സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നും അവർ പറഞ്ഞു.

News Summary - The impact of the Hema Committee report on the Tamil film world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.