ഗസ്സ സിറ്റി: വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഹമാസ് പോരാളികളുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. മൂന്ന് ഇസ്രായേൽ സൈനികർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വടക്കൻ വെസ്റ്റ്ബാങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ആരംഭിച്ചതാണ് ഇസ്രായേൽ സേനയുടെ ആക്രമണം. 20കാരനായ സൈനികനാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ വിവിധയിടങ്ങളിലായി 61 പേരാണ് കൊല്ലപ്പെട്ടത്. ജെനിനിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതോടെ വെള്ളവും വൈദ്യുതിയുമെല്ലാം മുടങ്ങിയിരിക്കുകയാണെന്നും എല്ലാ അടിസ്ഥാന സൗകര്യവും നശിപ്പിച്ചെന്നും ജെനിൻ നിവാസി വാർത്ത ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. പുറംലോകവുമായുള്ള ബന്ധമെല്ലാം നഷ്ടപ്പെട്ടു, ബേക്കറികളൊന്നും തുറക്കുന്നില്ല, കുട്ടികൾക്ക് വേണ്ട പാൽ പോലും ലഭിക്കുന്നില്ല -ജെനിൻ നിവാസിയായ താഹിർ അൽ സാദി പറഞ്ഞു.
ഹമാസ് തടവിലാക്കിയതിൽ ആറു ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ നെതന്യാഹു സർക്കാർ കഴിഞ്ഞ 11 മാസം ചെയ്തില്ല. രണ്ടു മാസത്തിലേറെയായി ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാർ മേശപ്പുറത്തുണ്ട്. അത് അട്ടിമറിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് അവർ ജീവനോടെയിരിക്കുമായിരുന്നു -കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.