ടൊറന്റോ: സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ പൂർണമായി സഹകരിക്കണമെന്ന് കാനഡ. സത്യം പുറത്തുകൊണ്ടുവരാനും പ്രശ്നം ശരിയാംവിധം പരിഹരിക്കാനും ഇരുവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും കാനഡ പ്രതിരോധ മന്ത്രി ബിൽ ബ്ലയർ ടൊറന്റോയിൽ ആവശ്യപ്പെട്ടു. തങ്ങൾക്കു ലഭിച്ച വിശ്വസനീയമായ ഇന്റലിജൻസ് വിവരങ്ങൾ ഏറെ ആശങ്കയുളവാക്കുന്നവയാണെന്നും ആർ.സി.എം.പി (റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്) അന്വേഷണം ആരംഭിച്ചുവെന്നും കാനഡയിലെ സി.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ബിൽ ബ്ലയർ വിശദീകരിച്ചു.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കാനഡയുടെ ആരോപണം അസംബന്ധവും പരപ്രേരിതവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് തിരിച്ചടിയായി മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കൂടാതെ കാനഡയിൽനിന്നുള്ളവർക്ക് വിസ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കാനഡയുടെ മണ്ണിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തികളെ അമർച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‘‘ഞങ്ങളുടെ അന്വേഷണത്തിന് ആധാരമായ വിവരങ്ങളുടെ ഉറവിടമോ തെളിവുകളോ സ്ഥിരീകരിക്കുന്നതിൽ ഏറെ ശ്രദ്ധ അനിവാര്യമാണ്. കാരണം ആ അന്വേഷണഫലം കാനഡയെ സംബന്ധിച്ചും ഞങ്ങളുടെ സഖ്യരാജ്യങ്ങളെ സംബന്ധിച്ചും അതി നിർണായകമാണ്.’’ -അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ ബ്ലയർ പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട നടപടികളിൽ തങ്ങൾ ഉത്കണ്ഠാകുലരാണെന്ന് പറഞ്ഞ ബ്ലയർ, ഗണ്യമായതും പ്രധാനപ്പെട്ടതുമായ ഇന്തോ-കനേഡിയൻ ജനസംഖ്യ രാജ്യത്തുണ്ടെന്നും അവരൊക്കെ വ്യാപാരപരമായും കുടുംബപരമായും ഇന്ത്യയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അതുകൊണ്ടുതന്നെ ഞങ്ങൾക്കും ഇന്ത്യൻ സർക്കാറിനും സത്യം അറിയാൻ കഴിയണം. അതിലൂടെ പ്രശ്നം ശരിയാംവിധം പരിഹരിക്കാനുമാകണം. ആയതിനാൽ അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്നാണ് ഇന്ത്യയിലെ സുഹൃത്തുക്കളോട് അഭ്യർഥിക്കാനുള്ളത്. കാരണം അതിന്റെ ഫലം ഏറെ പ്രധാനപ്പെട്ടതാണ്’’-മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.