ഒരു മനുഷ്യന്റെ രൂപമുള്ള ചെറുനഗരം, അതാണ് ഇറ്റലിയിലെ പുരാതന നഗരമായ സെഞ്ച്വറിപ്പ്. സിസിലി ദ്വീപിനോട് ചേർന്നാണ് സെഞ്ച്വറിപ്പ് നഗരം. മനുഷ്യന്റെ രൂപത്തിലുള്ള നഗരത്തിന്റെ അതിർത്തികളായ അഞ്ചുപോയന്‍റുകൾ ഡ്രോണിന്റെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളിൽ കാണാം. കൈകാലുകൾ നിവർത്തിവെച്ച് തലയെടുപ്പോടെ നിൽക്കുന്നതാണ് നഗരത്തിന്റെ രൂപം. നിരവധി ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് നഗരത്തിന്റെ പൂർണരൂപം ഫോട്ടോഗ്രാഫർ പകർത്തിയത്.
കൈകാലുകൾ പോലെ വ്യത്യസ്ത ദിശയിലേക്ക് നീണ്ടുനിൽക്കുന്ന കെട്ടിടങ്ങളുള്ള നാലുപോയന്‍റുകളും തലപോലെ തോന്നിക്കുന്ന നഗരത്തിന്റെ ഒരു ചെറിയ ഭാഗവും ചിത്രത്തിൽ കാണാം.
ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്ന പിയോ ആഡ്രിയ പെറിയെന്ന 32കാരനാണ് ഗൂഗ്ൾ എർത്തിൽ ആദ്യമായി നഗരത്തിന്റെ രൂപം മനുഷ്യന്‍റേത് പോലെയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഒരു അവസരം ലഭിച്ചപ്പോൾ അദ്ദേഹം സെഞ്ച്വറിപ്പിന് മുകളിലൂടെ ഡ്രോൺ പറത്തുകയായിരുന്നു. തുടർന്ന് ചിത്രങ്ങളും പകർത്തി. വളരെ ദുഷ്കരമായിരുന്നു ചിത്രങ്ങളെടുക്കലെന്ന് അദ്ദേഹം പറയുന്നു. ഡ്രോൺ ഉയരത്തിൽ പറപ്പിക്കാൻ പരിമിതികളുള്ളതിനാൽ നിരവധി ചിത്രങ്ങൾ എടുക്കേണ്ടിവന്നുവെന്നും അദ്ദേഹം പറയുന്നു.
പിയോ തന്നെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. എന്നാൽ, പിയോ ചിത്രത്തിൽ കൃത്രിമം കാട്ടിയാണ് ഈ രൂപം നിർമിച്ചതെന്ന് പലരും ആരോപിച്ചു.
എന്നാൽ ഗൂഗ്ൾ എർത്തിൽ ചിത്രങ്ങൾ കണ്ടതോടെ ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞ് പലരും രംഗത്തെത്തിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ടൗൺ മേയർ ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്താൻ ആവശ്യപ്പെട്ടതായും പിയോ പറയുന്നു.
കുന്നുകളാൽ ചുറ്റപ്പെട്ട നഗരമാണിവിടം. ഏകദേശം 5000ത്തിലധികം കുടുംബങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.