റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടൊപ്പം ചർച്ചയാകുകയാണ് 'ഇസഡ്' എന്ന ചിഹ്നവും. യുക്രയ്നിലെത്തിയ റഷ്യൻ പടക്കോപ്പുകളിലും ടാങ്കുകളിലും പീരങ്കികളിലുമെല്ലാം ഇസഡ് എന്ന് മുദ്രകുത്തിയത് കാണാം. യുക്രെയ്‌ൻ അധിനിവേശത്തിനുള്ള പിന്തുണയുടെ പ്രതീകമായി റഷ്യയിലും ഇസഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യുക്രെയ്ൻ അതിർത്തിക്കുസമീപം സ്ഥാപിച്ചിരുന്ന റഷ്യൻ ടാങ്കുകളിലും സൈനിക ട്രക്കുകളിലുമാണ് ഈ ചിഹ്നം ആദ്യം കണ്ടത്. പിന്നീടത് റഷ്യ ഔദ്യോഗികമായിത്തന്നെ പ്രചരിപ്പിക്കാനും ആരംഭിച്ചു.
റഷ്യയിലെ തെരുവുകളിൽ ഇത് വ്യാപകമായി എഴുതിവയ്ക്കപ്പെടുന്നുണ്ട്. റഷ്യൻ ടെലിവിഷനും പ്രതിരോധ മന്ത്രാലയവും ഇസഡിന്റെ മികച്ച ഗ്രാഫിക്കൽ വകഭേദങ്ങളും പുറത്തിറക്കുകയും സമുഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ ഇസഡ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു.
സിദ്ധാന്തങ്ങൾ നിരവധി
റഷ്യൻ ടാങ്കുകളിലും ആയുധങ്ങളിലും ആലേഖനംചെയ്ത ഇസഡ് സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. ഇസഡ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയെ സൂചിപ്പിക്കുന്നു എന്നാണ് ചിലർ പറഞ്ഞത്. എന്നാൽ അതല്ല വ്ലാഡിമിർ പുട്ടിനെ സൂചിപ്പിക്കുന്നുവെന്നാണ് വേറൊരു വിഭാഗം വാദിച്ചത്. കൗതുകകരമായ കാര്യം റഷ്യൻ അക്ഷരമാലയിൽ ഇസഡ് എന്ന അക്ഷരം നിലവിലില്ല എന്നതാണ്. സൈനിക വ്യൂഹങ്ങൾക്ക് പരസ്പരം തിരിച്ചറിയാനാണ് റഷ്യൻ ടാങ്കുകളിൽ അക്ഷരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നതെന്നാണ് മറ്റൊരു അവകാശവാദം.
റഷ്യയിലുടനീളവും സോഷ്യൽ മീഡിയയിലും ആളുകൾ ചിഹ്നം പ്രചരിപ്പിക്കുന്നുണ്ട്. റഷ്യയിലെ യുദ്ധ അനുകൂല റാലികളിൽ പങ്കെടുക്കുന്ന വാഹനങ്ങളിൽ ഇസഡ് എഴുതിവച്ചിട്ടുണ്ട്. റഷ്യൻ ജിംനാസ്റ്റിക് താരം ഇവാൻ കുലിയാക് ഖത്തറിലെ മത്സരത്തിനുശേഷം തന്റെ ജഴ്സിയിൽ ഇസഡ് പ്രദർശിപ്പിച്ചിരുന്നു. യുക്രേനിയൻ എതിരാളിയുടെ അടുത്തുള്ള പോഡിയത്തിൽ നിന്നാണ് ഇവാൻ അക്ഷരം പ്രദർശിപ്പിച്ചത്. ഇയാൾ അന്താരാഷ്ട്ര ജിംനാസ്റ്റിക് ഫെഡറേഷന്റെ അച്ചടക്ക നടപടി നേരിടുന്നതായും സൂചനയുണ്ട്.
വ്യക്തമാക്കി റഷ്യൻ പ്രതിരോധ മന്ത്രാലയം
ആഴ്ച്ചകൾ നീണ്ട ഊഹങ്ങൾക്കും സിദ്ധാന്തങ്ങൾക്കും വിരാമമിട്ടുകൊണ്ട് റഷ്യൻ പ്രതിരോധ മന്ത്രാലയം എന്താണ് ഇസഡ് എന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയായിരുന്നു. റഷ്യൻ ഭാഷയിലെ 'സാ പോബെഡു'(Za pobedu) എന്നതിന്റെ ചുരുക്കെഴുത്താണ് ഇസഡ് എന്നാണവർ പറയുന്നത്. 'ഫോർ വിക്ടറി' അഥവാ 'വിജയത്തിനായി' എന്നാണ് ആ വാക്കിന്റെ അർഥം.
'ഇതൊരു സ്റ്റേറ്റ് സ്‍പോൺസേർഡ് മീമാണ്'-ബോസ്റ്റൺ ആസ്ഥാനമായുള്ള റഷ്യൻ-അമേരിക്കൻ മീഡിയ അനലിസ്റ്റ് വാസിലി ഗറ്റോവ് പറയുന്നു. 'ഇത്തരത്തിലുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്ന ആളുകൾ എപ്പോഴും ഉണ്ട്'. തങ്ങളുടെ ഭാഗം അനുകൂലമാക്കുന്നതിന് സോഷ്യൽ മീഡിയയിൽ പണം നൽകി മീം പ്രചരിപ്പിക്കുകയാണ് -അദ്ദേഹം കുറിച്ചു.
സൈനിക നടപടികളിൽ പങ്കെടുക്കുന്ന വാഹനങ്ങളിൽ ഇത്തരം ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് പുതിയ കാര്യമല്ലെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. കുവൈറ്റിലെ ഇറാഖി അധിനിവേശത്തെ ചെറുക്കാൻ ഉപയോഗിച്ച അമേരിക്കൻ പട്ടാള വാഹനങ്ങളിൽ വെളുത്ത വി ആകൃതികൾ വരച്ചുവച്ചിരുന്നു. എന്നാൽ ഇത് സാധാരണക്കാർക്കിടയിൽ പടരുന്നത് ആദ്യമായാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.