ഇറാൻ അധികാരഘടന ഇങ്ങനെ

മതരാഷ്ട്രമായ ഇറാന് മാത്രമായി ചില അധികാരഘടനകളുണ്ട്. പ്രസിഡന്റും പാർലമെന്റും ശക്തമായ ജുഡീഷ്യറിയുമൊക്കെ പ്രവർത്തിക്കുമ്പോഴും സമഗ്രാധികാരം പരമോന്നത ആത്മീയ നേതാവിന്റെ കരങ്ങളിലാണെന്നതാണ് പ്രധാന സവിശേഷത.

സായുധസേനക്കുമേൽ പ്രസിഡന്റിനോ പാർലമെന്റിനോ അധികാരമില്ലാത്ത രാജ്യത്ത് പാർലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ സാധുത ഉറപ്പാക്കാൻ പ്രത്യേക സമിതി പ്രവർത്തിക്കുന്നു. ശിയാ ‘വിലായത്തെ ഫഖീഹ്’ പിന്തുടരുന്നതിനാൽ ജനം തെരഞ്ഞെടുത്ത സഭയേക്കാൾ മുകളിലാണ് തെരഞ്ഞെടുപ്പിലൂടെയല്ലാതെ വിവിധ സഭകൾ. ഇറാൻ അധികാരഘടനയിലെ പ്രധാനികൾ ഇവരാണ്.

പരമോന്നത ആത്മീയ നേതാവ്

ഇറാൻ വിപ്ലവത്തിന്റെ പിതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പിൻഗാമിയായി 1989ൽ ചുമതലയേറ്റ ആയത്തുല്ല അലി ഖാംനഈയാണ് നിലവിൽ ഇറാനിലെ പരമോന്നത ആത്മീയ നേതാവ്. രാജ്യത്തിന്റെ എല്ലാ നയ, തീരുമാനങ്ങളുടെയും അവസാന വാക്കും യുദ്ധപ്രഖ്യാപനമടക്കം നടത്താൻ അധികാരമുള്ളയാളുമാണ്.

ജുഡീഷ്യറി, റേഡിയോ, ടെലിവിഷൻ ശൃംഖലകൾ, സൈന്യം എന്നിവയുടെയെല്ലാം പരമാധികാരി. പാർലമെന്റിനു മുകളിലുള്ള ഉന്നതാധികാര സഭയായ കൗൺസിൽ ഓഫ് ഗാർഡിയൻസിൽ ആറുപേരെ നിയമിക്കുന്നതും അദ്ദേഹമാണ്. സർക്കാറിന്റെ വിവിധ തലങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിനിധികളുണ്ടാകും.

പ്രസിഡന്റ്

ഏറ്റവും ഉയർന്ന പദവിയിലെ രണ്ടാമൻ. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കാൻ അധികാരപ്പെട്ടയാൾ. പ്രസിഡന്റിനു കീഴിൽ എട്ട് വൈസ് പ്രസിഡന്റുമാരുണ്ടാകും. 22 മന്ത്രിമാരടങ്ങിയ സഭയും.

പാർലമെന്റ്

നാലുവർഷത്തിലൊരിക്കൽ ജനം തെരഞ്ഞെടുക്കുന്ന നിയമനിർമാണ സഭ. നിയമനിർമാണം, രാജ്യാന്തര കരാറുകൾ, ബജറ്റ് തയാറാക്കൽ എന്നിവയെല്ലാം പാർലമെന്റിന്റെ പരിധിയിൽ.

വിദഗ്ധ സഭ

ഇറാൻ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ അധികാരമുള്ള പണ്ഡിത സഭ. 86 അംഗങ്ങൾ. ഗാർഡിയൻ കൗൺസിലാണ് ഇതിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇവർക്ക് പരമോന്നത ആത്മീയ നേതാവിന്റെ അംഗീകാരം വേണം.

ഗാർഡിയൻ കൗൺസിൽ

ഭരണഘടന വ്യാഖ്യാനിക്കൽ, പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ശരീഅത്ത് അംഗീകരിക്കുന്നതെന്ന് പരിശോധിക്കൽ എന്നിവയാണ് അധികാരങ്ങൾ. എന്നുവെച്ചാൽ, പാർലമെന്റിനുമേൽ വീറ്റോ അധികാരമുള്ള സഭ. 12 അംഗ കൗൺസിലിലെ ആറുപേരെ പരമോന്നത ആത്മീയ നേതാവ് തെരഞ്ഞെടുക്കും. ജുഡീഷ്യറി തലവൻ അവശേഷിച്ചവരെയും കണ്ടെത്തും. പ്രസിഡന്റ്, പാർലമെന്റ് സ്ഥാനാർഥികൾ മത്സരിക്കാൻ യോഗ്യതയുള്ളവരെന്ന് സാക്ഷ്യപത്രം ഇവർ നൽകണം.

എക്സ്പീഡിയൻസി കൗൺസിൽ

പാർലമെന്റും ഗാർഡിയൻ കൗൺസിലും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കാനായി 1988ൽ സ്ഥാപിതമായ സമിതി. ആത്മീയ നേതാവിന്റെ ഉപദേശക സമിതിയാണിത്. മുൻ പ്രസിഡന്റ് അലി അക്ബർ ഹാശിമി റഫ്സഞ്ചാനി അധ്യക്ഷനായ 34 അംഗ സമിതിയാണിത്.

ജുഡീഷ്യറി

പരമോന്നത ആത്മീയ നേതാവാണ് ജുഡീഷ്യറി തലവനെ നിയമിക്കുന്നത്. ഈ തലവനായിരിക്കും സുപ്രീം കോടതി തലവനും ചീഫ് പബ്ലിക്ക് പ്രോസിക്യൂട്ടറും. പബ്ലിക്ക് കോടതികളാണ് സിവിൽ, ക്രിമിനൽ കേസുകൾ പരിഗണിക്കുക. ദേശസുരക്ഷ അടക്കം കേസുകൾക്ക് വിപ്ലവ കോടതികൾ വേറെയുമുണ്ട്.

ദേശസുരക്ഷാ, രഹസ്യാന്വേഷണ വിഭാഗം

രാജ്യത്തിന്റെ പരമാധികാരം കാക്കാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ, ഇസ്‍ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ്, സായുധ സേന എന്നിവയെല്ലാം അടങ്ങിയതാണിത്. പ്രസിഡന്റ്, പാർലമെന്റ് സ്പീക്കർ, ജുഡീഷ്യറി തലവൻ, സൈനിക മേധാവി എന്നിങ്ങനെ എല്ലാവരും ചേർന്നതാണ് കൗൺസിൽ.

Tags:    
News Summary - The Structure Of Power In Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.