സിറിയയിൽ അമേരിക്കൻ ആക്രമണം, ഭീകരരെ തുരത്താനെന്ന് ബൈഡൻ

ഡമസ്കസ്: വിമത സേന പിടിച്ചടക്കിയ സിറിയയിലെ ഐ.എസ്.ഐ.എൽ കേന്ദ്രങ്ങൾക്കുനേരെ വ്യോമാക്രമണം നടത്തിയതായി അമേരിക്ക. ബശ്ശാറുൽ അസദിനെ സ്ഥാനഭ്രഷ്ടനാക്കി വിമത ഗ്രൂപ്പായ ഹയാത് തഹ്‍രീർ അശാം (എച്.ടി.എസ്) ഭരണം പിടിച്ച സിറിയയിൽ ഭീകരവാദികൾ പിടിമുറുക്കാതിരിക്കാനും സുരക്ഷിത താവളമാക്കുന്നത് തടയാനുമാണ് അവരുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതെന്നാണ് വൈറ്റ്ഹൗസ് വിശദീകരിക്കുന്നത്. നേതാക്കളും താവളങ്ങളുമടക്കം 75ലധികം ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അവകാശപ്പെടുന്നു.

അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ഐ.എസ്.ഐ.സിന്റെ സിറിയയിലെ വിഭാഗമാണ് ഐ.എസ്.ഐ.എൽ. ബോയിംഗ് ബി-52, മക്‌ഡൊണൽ ഡഗ്ലസ് എഫ്-15 ഈഗിൾ എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പ​​ങ്കെടുത്തുവെന്നും നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും സിവിലിയൻമാർക്ക് പരിക്കേറ്റതായി സൂചനയില്ലെന്നും സെന്റ്കോം വിശദീകരിക്കുന്നു.

സിറിയയുടെ ഭരണം പിടിച്ചടക്കിയ എച്.ടി.എസിന്റെ തലവൻ അബു മുഹമ്മദ് അൽ ജൗലാനിക്ക് ആദ്യകാലത്ത് അൽ ഖാഇദയോടും ഐ.എസ്.ഐ.എസ് സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയോടും ബന്ധമുണ്ടായിരുന്നു. ആ ബന്ധം വിഛേദിച്ചാണ് താൻ സിറിയയുടെ വിമോചനത്തിനായി പോരാടുന്നതെന്ന് ജൗലാനി വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ സംസാരിക്കുന്നു

 

വിമതർ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ സിറിയയിലേക്ക് വിവിധ ​രാജ്യങ്ങളിൽ നിന്ന് തീവ്രവാദി സംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വിലയിരുത്തലാണ് ആക്രമണത്തിന് പിന്നിൽ.

എന്നാൽ, സിറിയയിലെ വിമതസേനയുടെ ഭരണത്തെ അമേരിക്ക പിന്താങ്ങുന്നുവെന്ന സൂചനയാണ് ഞായറാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ജോ ബൈഡൻ നൽകുന്നത്. ഏറെ കഷ്ടനഷ്ടങ്ങൾ സഹിച്ച സിറിയൽ ജനതക്ക് ബശ്ശാറിനെ വീഴ്ത്തി ഭരണം പിടിച്ച എച്.ടി.എസിന്റെ കൈകളിലൂടെ അഭിമാനകരമായ ഭാവി സൃഷ്ടിക്കാൻ കിട്ടിയ മികച്ച അവസരമാണിത് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. റഷ്യയും ഇറാനുമടങ്ങുന്ന രാജ്യങ്ങളുടെ പിന്തുണയുള്ള ബശ്ശാറിന്റെ പതനം അമേരിക്കയുടെ പിന്തുണയുള്ള രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലിനെ ശരിവെക്കുന്നുണ്ട് ബൈഡന്റെ ഈ പ്രസ്താവന.

Tags:    
News Summary - The US attack in Syria Claims to drive out the terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.